1

തെങ്ങമം: അഭിരാമും ആദർശും ഇനി ഒാൺലൈൻ പഠനത്തിന്റെ ഭാഗമാകും. വാർഡ് മെമ്പറുടെ ശ്രമഫലമായി വീട്ടിൽ ടിവി എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങമം കൊല്ലായ്കൽ ഇരുപതാംവാർഡിൽ ശ്രീദേവി വിലാസത്തിൽ അഭിരാമും ആദർശും തെങ്ങമം ഗവ ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസിലും എട്ടാം ക്ലാസിലും വിദ്യാർത്ഥികളാണ്. ഇവരുടെ ചെറുപ്പത്തിലെ പിതാവുപേക്ഷിച്ച് പോയി. അമ്മൂമ്മ സുമതിയമ്മ കാൻസർരോഗിയാണ്. മാതാവ് ശ്രീലത കശുവണ്ടി ഫാക്ടറിയിൽ പോയാണ് കുടുംബം കഴിഞ്ഞിരുന്നത്.

ലോക്ക് ഡൗണിൽ പണിയില്ലാതായതോടെ നിത്യചെലവിനുതന്നെ ബുദ്ധിമുട്ടുമ്പോഴാണ് പഠനം ഒാൺലൈനാകുന്നത്. സ്വന്തമായി ഇല്ലാത്തതിനാൽ അയൽവീടുകളിൽ പോയാണ് കുട്ടികൾ ടിവി കണ്ടിരുന്നത്. പഠനം ഒാൺലൈനായതോടെ പഠിക്കാൻ മാർഗമില്ലാതെ വലഞ്ഞ കുട്ടികളുടെ വിവരം വാർഡ് മെമ്പർ ആര്യാദിൻരാജ് സി.പി.എം ജില്ലാ നേതൃത്വത്തെ അറിയിച്ചു. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാറും ടിവിയുമായെത്തി വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിൽ കൈമാറി.