അടൂർ : ഒരു തുള്ളി ഡെറ്റോൾ കൊണ്ട് ഡിപ്പോയിലെ ബസ് എല്ലാം കഴുകണം,ഒരുമാസ്ക്കുകൊണ്ട് ഡ്യൂട്ടി നിർവഹിക്കണം, ജീവനക്കാർക്കും യാത്രക്കാർക്കും സാനിടൈസർ പോയിട്ട് കൈ കഴുകാൻ സോപ്പുപോലുമില്ല.കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും അടൂർ ഡിപ്പോയിലെ ജീവനക്കാർ ഏറെ ഭീതിയോടെയാണ് ജോലിചെയ്യുന്നത്. മതിയായ സുരക്ഷാ സാധനങ്ങൾ ലഭ്യമാക്കണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ മുകളിൽ നിന്നുള്ള ഉത്തരവ്.എന്നാൽ ഡിപ്പോ അധികൃതർക്ക് കൊവിഡോ ജീവനക്കാരുടെ സുരക്ഷയോ പ്രശ്നമേയല്ല.കഴിഞ്ഞ ദിവസം സി.ഐ.ടി.യു യൂണിയനിൽപ്പെട്ട ഒരുവിഭാഗം ജീവനക്കാർ പ്രതിഷേധിച്ചതോടെ മുഖം രക്ഷിക്കാൻ സാനിട്ടൈസറും കൈയുറയും പുറത്തുനിന്നും വാങ്ങി നൽകി തടിതപ്പി. ബസുകളിൽ മതിയായ ശുചീകരണമില്ലാത്തതാണ് ജീവനക്കാരും യാത്രക്കാരും നേരിടുന്ന ഭീഷണി. അന്യ സംസ്ഥാന തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കുന്ന ബസുകൾ അണുനാശിനി ഉപയോഗിച്ച് ശുചീകരിക്കാൻ ഫയർ ഫോഴ്സിന്റെ സഹായം തേടണമെന്നാണ് ഉന്നത തലങ്ങളിൽനിന്നുള്ള നിർദ്ദേശം.എന്നാൽ ഡിപ്പോ അധികൃതർ ഇതൊന്നും ചെയ്യുന്നില്ല. ബസുകളിൽ യാത്രചെയ്യുന്നവർക്ക് കൊവിഡ് വ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ബസിനുൾഭാഗം ശുചീകരിക്കാൻ അണുനാശിനിയും ലഭ്യമാക്കുന്നില്ല.ഒരു ബക്കറ്റ് വെള്ളത്തിൽ ഒരുതുള്ളി ഡെറ്റോൾ മതിയെന്നാണ് ഡിപ്പോ അധികൃതരുടെ നിലപാട്.

ശുചീകരണത്തിന് ജീവനക്കാരില്ല

അന്തർ ജില്ലാ സർവീസുകൾ കൂടി ആരംഭിച്ചിട്ടും ശുചീകരണത്തിന് മതിയായ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കാത്തത് എ.ടി.ഒ ഉൾപ്പെടെയുള്ളവരുടെ കടുംപിടുത്തമാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.

ഒന്നും ചൊവിക്കൊള്ളാതെ ഡിപ്പോ അധികൃതർ

ജീവനക്കാർക്ക് ലഭ്യമാക്കാൻ മതിയായ മാസ്ക്ക് കെ.എസ്.ആർ.ടി.സി ലഭ്യമാക്കിയിട്ടുണ്ട്.രണ്ടാഴ്ച മുൻപ് ഓരോ മാസ്ക്ക് വീതം നൽകി. ശേഷിക്കുന്നവ ആർക്കും നൽകാതെ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരെണ്ണം തന്നെ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കേണ്ട ഗതികേടിലാണ്.ബസിനകം അണു വിമുക്തമാക്കാനുള്ള സ്പ്രേയർ ഏതെങ്കിലും സംഘടനയുടെ സ്പോൺസർഷിപ്പോടെ വാങ്ങി ഉപയോഗിക്കണമെന്ന നിർദ്ദേശവും ഡിപ്പോ അധികൃതർ ചെവികൊണ്ടിട്ടില്ല.

കൊവിഡ് പ്രതിരോധത്തിനായുള്ള യാതൊരു സംവിധാനവും ഇവിടെയില്ല. ഇത്തരത്തിൽ അനാസ്ഥ കാട്ടുന്ന അധികൃതർ മറ്റൊരു ഡിപ്പോയിലും കാണില്ല. തങ്ങളുടെ ജീവന് പുല്ലുവിലയാണ് കൽപ്പിക്കുന്നത്.

ജീവനക്കാർ,

(അടൂർ ഡിപ്പോ)

-40 ബസുകൾ കഴുകാൻ ഒറ്റ രാത്രിയിൽ ഒരാൾ മാത്രം

- അണുനാശിനിയും ലഭ്യമാക്കുന്നില്ല.