പത്തനംതിട്ട: ടി.വി, ഒാൺലൈൻ ക്ളുസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് കെ.എസ്.ഇ.ബിയുടെ ഇരട്ടടി. ലൈനുകളിൽ അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ ജില്ലയിൽ പല ഭാഗത്തും വൈദ്യുതി ലൈനുകൾ ഒാഫ് ചെയ്തിടുകയാണ്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ ഇന്നലെ വൈദ്യുതി മുടങ്ങി. കടമ്പനാട്, കുമ്പഴ, പൂങ്കാവ്, വള്ളംകുളം മേഖലകളിൽ ഇന്നലെ വൈദ്യുതി ഉണ്ടായിരുന്നില്ല.
ടി.വി, ഒാൺലൈൻ ക്ളാസുകൾ നടക്കുമ്പോൾ വൈദ്യുതി മുടക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇന്നലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പഠനം നഷ്ടമായത്.
സ്കൂൾ കുട്ടികൾക്കും കോളേജ്, എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കും ടി.വിയിലൂടെയും ഒാൺലൈനിലൂടയുമാണ് പഠനം. എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് സെമസ്റ്റർ പരീക്ഷ ഒാൺലൈനിലൂടെയാണ് നടത്തുന്നത്. ഇന്നലെ നൂറിലേറെ വിദ്യർത്ഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാനായില്ല. പരാതികൾ അറിയിക്കാൻ കെ.എസ്.ഇ.ബി സെക്ഷൻ ഒാഫീസുകളിലേക്ക് വിളിച്ചാൽ പതിവുപോലെ ഫോൺ എടുക്കാറില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.
പഠന സമയത്ത് വൈദ്യുതി മുടക്കരുതെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെ ആവശ്യം. രാവിലെ എട്ടര മുതൽ വൈകിട്ട് മൂന്നര വരെയാണ് ഒാൺലൈൻ ക്ളാസുകൾ. ക്ളാസുകൾ കഴിയുന്ന മൂന്നരയ്ക്ക് ശേഷം അറ്റകുറ്റപ്പണികൾ നടത്തിക്കൂടെ എന്നാണ് നാട്ടുകാരുടെ ചോദ്യം.
@ അറ്റകുറ്റപ്പണിയെന്ന് അധികൃതർ
പഴയ ലൈനുകൾ മഴയിലും കാറ്റിലും പൊട്ടി വീഴുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ. ബി അധികൃതർ പറഞ്ഞു. പലയിടത്തും പഴയ ലൈനുകൾ മാറ്റി പുതിയത് ഇടുന്ന ജോലികൾ നടക്കുന്നു. ഇതിനാണ് ലൈനുകൾ ഒാഫ് ചെയ്യുന്നത്. മാർച്ച് മാസത്തിൽ നടക്കേണ്ടിയിരുന്ന ലൈൻ അറ്റകുറ്റപ്പണികൾ ലോക് ഡൗൺ കാലത്ത് നടന്നിട്ടില്ല. അതുകൊണ്ടാണ് ഇപ്പാേൾ പണി നടത്തുന്നത്.