പത്തനംതിട്ട: ജീവനില്ലാത്ത ഗർഭസ്ഥ ശിശുവുമായി ആശുപത്രികളിൽ കയറിയറങ്ങി യു.പി സ്വദേശിയായ യുവതി. കുലശേഖരപ്പേട്ടയിൽ വാടകയ്ക്ക് താമസിക്കുന്ന യു.പി സ്വദേശിയും ഭിന്നശേഷിക്കാരനുമായ ഷമീറിന്റെ ഭാര്യ സമ (28)യാണ് ചികിത്സ തേടി അലഞ്ഞത്. കടുത്ത വയറ് വേദനയെ തുടർന്ന് ഇന്നലെ ഉച്ചയോടെ യുവതി ഭർത്താവുമൊത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി. അവിട‌െ കൊവിഡ് ചികിത്സ മാത്രമാക്കിയതിനാൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അടൂരിൽ നടത്തിയ പരിശോധനയിലാണ് ആറ് മാസം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിന് ജീവനില്ലെന്ന് തെളിഞ്ഞത്. യുവതിയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. കൈയിൽ പണമില്ലാത്തതിനാൽ ഇരുവരും പത്തനംതിട്ടയിലേക്ക് തിരിച്ചു പോന്നു. വൈകിട്ടോടെ യുവതി വീണ്ടും അവശയായതിനെ തുടർന്ന് ബേക്കറി ഉടമ ഹനീഫയുടെ നേതൃത്വത്തിൽ നാട്ടുകാർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എട്ട് മാസം മുൻപാണ് സമീറും സമയും രണ്ട് കുട്ടികളും പത്തനംതിട്ടയിലെത്തിയത്. കുലശേഖരപേട്ടയിലെ ബേക്കറിയിൽ ജോലിക്കാരാനാണ് സമീർ.