പള്ളിക്കൽ: ആനയടി-കൂടൽറോഡിൽ യാത്രാക്ലേശം രൂക്ഷമാകുന്നു.ജോലിക്കാരെ കിട്ടാനില്ലന്നതാണ് റോഡ് നിർമ്മാണത്തിലെ കാലതാമസത്തിന് കാരണം പറയുന്നത്.പക്ഷേ പള്ളിക്കൽ പഞ്ചായത്തോഫീസിന് വടക്കുവശം മുതൽ പഴകുളം വരെ ഭാഗത്ത് ഓടകളുടെ നിർമ്മാണം പകുതിയാക്കിയിട്ടേയുള്ളൂ .ഇത് കാരണം വെള്ളം റോഡിൽ കെട്ടിനിൽക്കുന്ന സ്ഥതിയാണ്.റോഡിൽ തന്നെ കലുങ്കുകളുടെ ഭാഗം മണ്ണിട്ടുയർത്തിയിട്ടുണ്ട്.രണ്ട് കലുങ്കുകളുടെ ഇടയിൽ വരുന്നഭാഗം താഴ്ന്ന് കിടക്കുന്നതിനാൽ ഇവിടെ വെള്ളംകെട്ടിക്കിടക്കുകയാണ്.പെട്ടെന്ന് ടാർ ചെയ്യും എന്നപ്രതീതിയിൽ റോഡ് ജെ.സി.ബി ഉപയോഗിച്ച് മാന്തിപൊളിച്ചിട്ടതാണ് മറ്റൊരുദുരിതം. ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽവീണ് അപകടത്തൽപ്പെടുന്നതും പതിവാണ്. റോഡ് നിർമ്മാണം പൂർത്തിയാക്കേണ്ട കാലാവധി ഈ ജൂണിൽ തീരാനിരിക്കേ 50 ശതമാനം പണികൾ പോലും പൂർത്തീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. കുരമ്പാലഭാഗത്തും സമാന സ്ഥിതിയാണ്.
ചുറ്റത്തിരിഞ്ഞ് യാത്രക്കാർ
കലുങ്കുകളുടെയും ഓടകളുടെയും നിർമ്മാണം പകുതിവരെയാക്കിയിട്ടിരിക്കുകയാണ്.ആനയടി,ചെറുകുന്നം,കൈതക്കൽ,പള്ളിക്കൽ, ഇളംപള്ളിൽ,തെങ്ങമം ഭാഗങ്ങളിലുള്ളവർ പന്തളത്തേക്കും അടൂരിലേക്കും പോകുന്ന പ്രധാനറോഡാണിത്.ലോക്ക് ഡൗണിനെതുടർന്ന് ബസുകൾ കുറവായതിനാൽ ടാക്സിയോ,ഓട്ടോറിക്ഷയോ വിളിച്ചാൽ ഈ ഭാഗത്തൂകൂടി വരാൻ ഡ്രൈവർമാർ തയാറാകാറില്ല.പഴകുളത്തുനിന്ന് കെ.പി റോഡിൽ മാമൂട്ടിലെത്തി പയ്യനല്ലൂർ വഴിയാണ് ടാക്സികളും ഓട്ടോറിക്ഷകളും കൂടുതലായിവരുന്നത്.അഞ്ച് കിലോമീറ്റർ അധികം സഞ്ചരിച്ചാലേ ഇവിടെ എത്തൂ.അധികകൂലിയും നൽകണമെന്ന പരാതിയും യാത്രക്കാരിലുണ്ട്.
-റോഡ് നിർമ്മാണം പൂർത്തിയാക്കേണ്ടത് ജൂണിൽ
-50 ശതമാനം പണി പോലും പൂർത്തീകരിച്ചിട്ടില്ല
-ബസ് സർവീസില്ല,ആശ്രയം ഓട്ടോറിക്ഷകളെ