@ സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമായിട്ട് വർഷം മൂന്ന്
പത്തനംതിട്ട: ഏത് ക്ളാസിലാ പഠിക്കുന്നത് ?
''ഞാൻ ഒൻപതിൽ. അനിയത്തി നാലിൽ".
ഒാൺലൈൻ ക്ളാസ് തുടങ്ങിയത് അറിഞ്ഞോ ?
"ഒന്നുമറിയില്ല. കേട്ടിരുന്നു. ഞങ്ങൾക്ക് കറന്റും ഫോണുമില്ല ".... ഷൈനി അനിയത്തിയുമായി കുടിലിന്റെ മുറ്റത്ത് കളിക്കുകയാണ്.
മൂന്ന് വശവും വനത്താൽ ചുറ്റപ്പെട്ടതാണ് ആവണിപ്പാറ ആദിവാസി കോളനി. മുന്നിലൂടെ ഒഴുകുന്ന അച്ചൻകോവിൽ ആറിന് കുറുകെ ഒരു കയർ കെട്ടിയിട്ടുണ്ട്. ഫൈബർ വള്ളത്തിൽ കയറി കയറിൽ പിടിച്ച് വലിച്ചാൽ അക്കരെയെത്തും. കോന്നി - അച്ചൻകോവിൽ റോഡിൽ കയറാം. കോളനിക്കാരുടെ പുറംലോകത്തേക്കുള്ള ഒരേയൊരു വഴി.
കേരളം സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 2017 മെയ് 29ന്. അന്നും ആവണിപ്പാറ കോളനിയിൽ വെളിച്ചം എത്തിയിരുന്നില്ല. കൊടുംവനത്തിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നത് വനംവകുപ്പ് എതിർത്തിരുന്നു. വർഷം രണ്ട് കഴിഞ്ഞപ്പോൾ കോന്നി ഉപതിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികളെല്ലാം ആവണിപ്പാറയിലെത്തി. 45 കുടുംബങ്ങൾ. 64 വോട്ടുകൾ. എല്ലാവരുടെയും പ്രഖ്യാപനം വൈദ്യുതി, ആറിന് കുറുകെ പാലം. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പത്ത് മാസം. വൈദ്യുതിയുമില്ല, പാലവുമില്ല. ആവണിപ്പാറക്കാർക്ക് സമരം ചെയ്യാനും അറിയില്ല.
മലപണ്ടാര വിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നത്. പട്ടികവർഗ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ കണക്കെടുപ്പിൽ കോളനിയിൽ നിന്ന് സ്കൂളിൽ പോകേണ്ട കുട്ടികൾ 28. കഴിഞ്ഞ വർഷം വരെ ചിറ്റാർ, കടുമീൻചിറ, പുനലൂർ എന്നിവിടങ്ങളിലെ ഹോസ്റ്റലുകളിൽ താമസിച്ച് ഗവ. സ്കൂളിൽ പഠിച്ചവർ. ഒാൺലൈൻ പഠനക്കാലത്ത് അവർ എന്തു ചെയ്യണം?.
@ വൈദ്യുതി വരാത്തതിന് പിന്നിൽ
അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡായ ആവണിപ്പാറയിൽ വൈദ്യുതിയെത്തിക്കാൻ സർക്കാർ 1.60കോടി അനുവദിച്ചതായി കെ.യു.ജനീഷ്കുമാർ എം.എൽ.എ കഴിഞ്ഞ ഡിസംബർ 21ന് അറിയിച്ചിരുന്നു. ഭൂഗർഭ കേബിൾ വഴി വൈദ്യുതിയെത്തിക്കാൻ വനംവകുപ്പ് അനുമതി നൽകി. പുനലൂർ സബ്‌സ്റ്റേഷനിൽ നിന്ന് എട്ട് കിലോമീറ്റർ ദൂരത്തിൽ വലിക്കാനുള്ള കേബിൾ എത്തിച്ചു. പക്ഷെ, കെ.എസ്.ഇ.ബിക്ക് മുൻകൂർ പണം ലഭിക്കണം. പട്ടികവർഗ വകുപ്പ് അനുവദിച്ച പണം ഡിസംബറിൽ ട്രഷറിക്ക് കൈമാറിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം കെ.എസ്.ഇ.ബിക്ക് കൈമാറുന്നത് തടഞ്ഞു.
>>
" ട്രഷറി നിരോധനം നീങ്ങിയതിനാൽ പണം കെ.എസ്.ഇ.ബിക്ക് ഉടനെ കൈമാറും. പണിക്കുള്ള ടെൻഡർ ഉടനെയുണ്ടാകും. കോളനിയിലെ കുട്ടികളെ അടുത്ത സ്കൂളുകളിലെത്തിച്ച് ക്ളാസ് നൽകും.
കെ.യു.ജനീഷ് കുമാർ എം.എൽ.എ