കൂടൽ :കലഞ്ഞൂർ പഞ്ചായത്ത് പത്താം വാർഡിൽ ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന മൊബൈൽ ടവർ നിർമ്മാണം നിറുത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു.പുനലൂർ മൂവാറ്റുപുഴ റോഡിൽ നിന്ന് 100 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് സ്വകാര്യ മൊബൈൽ കമ്പനി ടവർ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്.ടവർ നിർമ്മിക്കാൻ ജനവാസമില്ലാത്ത റബർ എസ്റ്റേറ്റുകൾ സമീപ സ്ഥലങ്ങളിൽ ഉണ്ടായിട്ടും ജനസാന്ദ്രതയുള്ള മേഖലയിൽ നാട്ടുകാരുടെ വ്യാജ സമ്മത പത്രം തയ്യാറാക്കിയാണ് ടവറിനു അനുമതി വാങ്ങിയത്. ടവർ നിർമാണം നിറുത്തിവയ്ക്കണമെന്നും, ഇല്ലാത്ത പക്ഷം ശക്തമായ സമര നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, കൂടൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ആഴിക്കാടൻ,തോമസ് വല്യത്ത്,ജോൺ ജോർജ്,ഇന്ദിര ദേവി, ജയ രാജേന്ദ്ര ബാബു എന്നിവർ സ്ഥലം സന്ദർശിച്ചു.