പത്തനംതിട്ട: കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയെ പിടിച്ചുനിർത്താൻ ഡീസൽ നികുതി കുറയ്ക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
67 രൂപയോളം നൽകി ഒരു ലിറ്റർ ഡീസൽ അടിക്കുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് 45 രൂപ നികുതിയായി ലഭിക്കും. ഇതിൽ ഒരുപങ്ക് വേണ്ടെന്നുവയ്ക്കാൻ തയാറാകണം.
ലോക്ക്ഡൗണിനെ തുടർന്ന് സർക്കാർ ആവശ്യപ്രകാരം നിരത്തിലിറങ്ങിയ സ്വകാര്യബസുകളോടു വഞ്ചനാപരമായ സമീപനമാണ് സ്വീകരിച്ചത്. താത്കാലികമായി ബസ് ചാർജ് വർദ്ധിപ്പിച്ചതിനാലാണ് ഒരുവിഭാഗം ബസുകൾ സർവീസ് നടത്തിയത്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ കണക്കിലെടുത്ത് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് നിരത്തിലിറങ്ങിയ ബസുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നഷ്ടപ്പെട്ടു. രണ്ടുമാസത്തെ റോഡ് നികുതി അടയ്ക്കാതിരിക്കാനുള്ള അവകാശം ബസുകൾക്ക് ലഭിച്ചിരുന്നു. ബസുകൾ ഓടാൻ തയാറായതോടെ നികുതി ഇളവ് ഒരു മാസത്തേക്ക് മാത്രമാക്കി.
വർദ്ധിപ്പിച്ച ബസ് ചാർജ് പിൻവലിക്കുകയും എല്ലാ സീറ്റുകളിലും യാത്രക്കാരെ കയറ്റാൻ നിർദേശിക്കുകയും ചെയ്തു. നഷ്ടത്തിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നും സർക്കാർ ഇടപെടലുകളുണ്ടാകണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി. മനോജ് കുമാർ, ജില്ലാപ്രസിഡന്റ് ഷാജി കുമാർ, സെക്രട്ടറി പി.ആർ. രാധാകൃഷ്ണൻ നായർ, സംസ്ഥാന സമിതിയംഗം ലാലു മാത്യു, ട്രഷറാർ എസ്. ഷിജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.