അടൂർ : ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊന്ന കേസിലെ പ്രതി സൂരജിന്റെ പിതാവിന്റെ പേരിലുള്ള ടാക്സി ആട്ടോ ഇന്നലെ കസ്റ്റഡിയിലെടത്തു. പറക്കോട്ടെ വീട്ടിൽ സൂരജുമായി രണ്ടാംഘട്ട തെളിവെടുപ്പിന് എത്തിയപ്പോഴാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സൂരജ് പാമ്പിനെ സൂക്ഷിച്ചിരുന്ന പ്ളാസ്റ്റിക് ചാക്കും കണ്ടെടുത്തിട്ടുണ്ട്. സൂരജ് തന്നെയാണ് ചാക്ക് കാട്ടികൊടുത്തത്. ഉത്രയുടെ 21 പവൻ സ്വർണം പണയംവച്ചാണ് മൂന്നേകാൽ ലക്ഷം രൂപ കൊടുത്ത് ആട്ടോ വാങ്ങിനൽകിയതെന്നും പലിശ തങ്ങളാണ് അടയ്ക്കുന്നതെന്നും ഉത്രയുടെ വീട്ടുകാർ മൊഴി നൽകിയിരുന്നു. ഉത്രയുടെ വീട്ടുകാർ വിവാഹ സമ്മാനമായി നൽകിയ കാറും സൂരജിന്റെ ബുള്ളറ്റും നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. സൂരജുമായി എത്തിയ സംഘം മുകളിലത്തെ നിലയിലെ കിടപ്പു മുറിയിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. വിരലടയാള വിദഗ്ദ്ധർ, ഫോട്ടോഗ്രാഫർ, വനിതാ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് വാഹനങ്ങളിലായാണ് എത്തിയത്.
18.5 പവൻ എവിടെ ?
പലപ്പോഴായി 112 പവൻ സ്വർണം ഉത്രയ്ക്ക് നൽകിയതായാണ് മാതാപിതാക്കളുടെ മൊഴി. അടൂരിലെ രണ്ട് ജൂവലറികളിലായി 16 പവൻ വിറ്റതായി കണ്ടെത്തുകയും രണ്ടര പവൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കുകയും ചെയ്തതോടെ മൊത്തം താെണ്ണൂറ്റി മൂന്നരപവൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായി. ശേഷിക്കുന്ന 18.5 പവൻ ഇനി കണ്ടെത്തണം. വെള്ളിയാഴ്ച സൂരജിന്റെ മാതാവ് രേണുകയേയും സഹോദരി സൂര്യയേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ രണ്ടര പവന്റെ മാല അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.