മല്ലപ്പള്ളി : മുറി വാടകയിൽ 300 രൂപ കുറവുണ്ടായതിന് മൊബൈൽ ഫോൺ പിടിച്ചുവാങ്ങി തൊഴിലാളിയുടെ യാത്ര മുടക്കിയ വീട്ടുടമസ്ഥനെ ലേബർ ഓഫീസർ റെയിൽവേ സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊബൈൽ ഫോൺ തിരികെ ഏൽപ്പിച്ചു.വെണ്ണിക്കുളം ചുഴനയിൽ വാടകയ്ക്കു താമസിക്കുന്ന ഒഡീഷ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ പ്രഭാത് നായിക്കിന്റെ മൊബൈൽ ഫോണാണ് മുന്നൂറ് രൂപയ്ക്കു വേണ്ടി വീട്ടുടമ കൈക്കലാക്കിയത്.വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളേജിൽ മെഡിക്കൽ പരിശോധന നടത്തി വാഹനത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന തൊഴിലാളികളുടെ വാഹനം വൈകിയതിനെ തുടർന്ന് മല്ലപ്പള്ളി അസി.ലേബർ ഓഫീസർ എം.എസ്.സുരേഷ് നടത്തിയ അന്വേഷണത്തിലാണ് വാഹനം വൈകാൻ കാരണം മൊബൈൽ ഫോൺ ആണെന്ന് കണ്ടെത്തിയത്.തുടർന്ന് തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ ശേഷം വീട്ടുടമയോട് തൊട്ടുപിന്നാലെ മൊബൈലുമായി റെയിൽവേ സ്റ്റേഷനിൽ എത്താൻ നിർദ്ദേശിച്ചു.ട്രെയിൻ വിടുന്നതിന് മിനിറ്റുകൾക്കു മുമ്പ് ഓട്ടോറിക്ഷയിൽ പാഞ്ഞെത്തിയ ഉടമ ഫോൺ പ്രഭാതിന് കൈമാറി.നാലു വർഷമായി ചുഴനയിൽ താമസിക്കുന്ന പ്രഭാത് ഇടക്ക് നാട്ടിൽ പോയി വരാറുണ്ട്.വാടക ഇന്നോളം മുടക്കിയിട്ടില്ലെന്നും തിരിച്ചെത്തിയാലുടൻ ബാക്കി തുക നൽകാമെന്നും തൊഴിലാളി ഉറപ്പുനൽകി.ചിയാക് ഡി.പി.എം.അഖിലിന്റെ സാന്നിദ്ധ്യത്തിലാണ് മൊബെൽ ഫോൺ തൊഴിലാളിക്ക് കൈമാറിയത്.