mla

സീതത്തോട്: ഗുരുനാഥൻമണ്ണ് ചിപ്പൻകുഴി, മൂഴിയാർ സായിപ്പിൻകുഴി കോളനികളിലെ കുട്ടികൾക്ക് ഇനി ഓൺ ലൈൻ ക്ലാസുകൾ മുടങ്ങില്ല. കോളനികൾ സന്ദർശിച്ച കെ.യു.ജനീഷ് കുമാർ എം.എൽ.എ വീടുകളിൽ വൈദ്യുതി എത്തിക്കാൻ നിർദേശം നൽകി. തിങ്കളാഴ്ച എല്ലാ കുട്ടികൾക്കും ഡി.ടി.എച്ച് കണക്ഷനോടുകൂടി ടെലിവിഷൻ നൽകുമെന്ന് എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത്, കെ.എസ്.ഇ.ബി, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളുമാണ് കോളനി സന്ദർശിച്ചത്. സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വീടുകൾ വൈദ്യുതീകരിച്ചെങ്കിലും ബില്ല് അടയ്ക്കാതിരുന്നതിനാൽ കണക്ഷൻ കട്ടു ചെയ്യുകയും വയറിംഗ് നശിച്ചുപോകുകയും ചെയ്തു.
എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും നാളെ ടി.വി നൽകും. ഗ്രാമ പഞ്ചായത്തംഗം വി.എസ്.സുമേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ജി.അശോക് കുമാർ, കെ.എസ്.ഇ.ബി കക്കാട് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ പി.വി.സുരേഷ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അജി തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.