പത്തനംതിട്ട : ടയർ കൊണ്ടൊരു ചെടിച്ചട്ടി ആയാലോ. അതും താമരയുടെ ആകൃതിയുള്ള ചെടിച്ചട്ടി. ഇങ്ങനെ വിവിധ വർണങ്ങളിലുള്ള ചെടിച്ചട്ടികൾ നിർമിച്ച് ജീവിതം കരുപിടിപ്പിക്കുകയാണ് ഫോട്ടോഗ്രാഫർ ദിലീപ്.

കൊവിഡ് ഭീഷണിയിൽ കല്യാണങ്ങൾ കുറഞ്ഞതോടെ തൊഴിൽ മുടങ്ങി ജീവിതം വഴിമുട്ടും എന്ന അവസ്ഥയിലാണ് കൃഷി ചെയ്യാൻ അടൂർ മുണ്ടപ്പള്ളി സ്വദേശി ദിലീപ് തീരുമാനിക്കുന്നത്. കൃഷി രീതികൾ മനസിലാക്കാൻ കടമ്പനാട്ടുള്ള സുഹൃത്ത് മണിയുടെ വീട്ടിലെത്തിയപ്പോൾ ചെടിച്ചട്ടിയ്ക്ക് പകരം ടയർ ഉപയോഗിച്ചിരിക്കുന്നത് കണ്ടു. അവിടുന്നങ്ങോട്ട് വ്യത്യസ്ത ചെടിച്ചട്ടികൾ ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു.

പഞ്ചറായ sയറുകൾ ഉപയോഗിച്ചാണ് ടയർ ചെടിച്ചട്ടികൾ നിർമിക്കുന്നത്. ആദ്യം വീട്ടിലുള്ള പത്ത് ടയറുകളിലായിരുന്നു പരീക്ഷണം. അത് വിജയിച്ചതോടെ വർക്ക്ഷോപ്പുകളിൽ പഞ്ചറായ ടയറുകൾ ശേഖരിക്കാൻ തുടങ്ങി. ഇപ്പോൾ ദിലീപിന്റെ ഉപജീവന മാർഗം കൂടിയാണിത്. പ്ലാസ്റ്റിക് ഗ്രോ ബാഗുകൾക്ക് പകരം ഉപയോഗ ശൂന്യമായ ടയറുകൾ ഉപയോഗിക്കുന്നത് പരിസ്ഥിതിയ്ക്കും നല്ലതാണെന്ന അഭിപ്രായമാണ് ദിലീപിന്.

ടയർ മദ്ധ്യഭാഗത്തായി ത്രികോണാകൃതിയിൽ മുറിച്ചതിന് ശേഷം അവ തിരികെ മടക്കും. കാർ ഫ്ലോർ ഷീറ്റാണ് താഴ്ഭാഗത്ത് ഉപയോഗിക്കുന്നത്. ഇതിനെല്ലാം സഹായി ആയി കൂട്ടുകാരൻ ബിജുവും ഉണ്ട്. വാട്ടർ ബേസ്ഡ് പെയിന്റാണ് ടയറുകളിൽ നിറം നൽകാൻ ഉപയോഗിക്കുന്നത്. 10 മുതൽ 16 സൈസ് വരെയുള്ള ടയറുകളാണ് ഇതുവരെ ഉപയോഗിച്ചത്. ജെ .സി. ബിയുടെ ടയർ കൊണ്ട് മീൻ വളർത്താൻ കുളം നിർമ്മിക്കാനുള്ള പണിയിലാണ് ദിലീപ് .ടേബിളുകളും നിർമിക്കുന്നുണ്ട്.

ഇരുപത് വർഷമായി ഫോട്ടോഗ്രഫിയാണ് ദിലീപിന്റെ തൊഴിൽ. സ്വന്തമായി സ്റ്റുഡിയോയും ഉണ്ട്. ലോക്ക് ഡൗണിൽ വലിയ പ്രതിസന്ധിയിലായിരുന്നു. ഒരു പാട് പേർ കൃഷി ചെയ്യാനായി ഇപ്പോൾ ടയർ ചട്ടി ആവശ്യപ്പെട്ട് എത്തുന്നുണ്ട്. ടയറിന്റെ സൈസ് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.

അമ്മ വിമലയും ഭാര്യ അനുപ്രഭയും മകൻ മാധവിനുമൊപ്പം അടൂരിലെ നെടിയത്തിൽ വീട്ടിലാണ് താമസം.