എരുമക്കാട് : ലോക്ക് ഡൗൺ സമയത്ത് ചോർന്നൊലിയ്ക്കുന്ന വീട്ടിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന വൃദ്ധയെ ആറന്മുള ജനമൈത്രി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജി.സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തു.
ആറന്മുള എരുമക്കാട് ചാങ്കേരി വീട്ടിൽ താമസിക്കുന്ന പങ്കജാക്ഷി അമ്മയെയാണ് (80) ഏറ്റെടുത്തത്. നാളുകളായി ചോർന്നൊലിയ്ക്കുന്ന വീടിനുള്ളിൽ ഒറ്റപെട്ടു കഴിഞ്ഞിരുന്ന പങ്കജാക്ഷി അമ്മയുടെ ദയനീയാവസ്ഥ നാട്ടുകാരും പരിസരവാസിയായ യൂണിയൻ പ്രവർത്തകൻ രാജുവും ചേർന്ന് ആറന്മുള ജനമൈത്രി പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് നടപടി. തുടർന്ന് ബീറ്റ് ഓഫീസർ അജിത്,പൊലീസ് ട്രെയിനി വിഷ്ണു കെ.രാജേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി അന്വേഷിച്ചിരുന്നു. തുടർന്ന് ബന്ധുക്കളുമായി സംസാരിച്ചെങ്കിലും സംരക്ഷണം ഏറ്റെടുക്കാൻ തയാറായില്ല.തുടർന്ന് വിവരം കരുണാലയം അമ്മവീട്ടിലറിയിക്കുകയും കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് (അമ്മവീട്) ചെയർമാൻ,ജനറൽ സെക്രട്ടറി രാജൻ സായി,മാനേജർ എന്നിവർ ചേർന്ന് പങ്കജാക്ഷി അമ്മയുടെ തുടർ സംരക്ഷണം ഏറ്റെടുക്കുകയുമായിരുന്നു.