പത്തനംതിട്ട : ഐ.ടി.ഉപകരണങ്ങളുടെ അഭാവത്തിൽ പാഠ്യ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കാത്ത കുട്ടികൾക്ക് ഉപകരണങ്ങൾ എത്തിച്ചു നൽകുന്ന 'ഐ.ടി.ചലഞ്ച് പരിപാടിക്ക് തുടക്കമായി. നാല് വിദ്യാർത്ഥികൾ ഉള്ള കലഞ്ഞൂർ പഞ്ചായത്തിലെ നിർദ്ധനരായ കുടുംബത്തിൽ എൽ.ഇ.ഡി ടെലിവിഷനും ഡിഷ് സംവിധാനവും നൽകിയാണ് കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു വരുന്ന പത്തനംതിട്ട ദിശയുടെ ഐ.ടി.ചലഞ്ച് പ്രാവർത്തികമായത്. അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ കുട്ടികൾക്ക് ടി.വി കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. വിക്ടേഴ്സ് അടക്കമുള്ള വിദ്യാഭ്യാസ ചാനലുകൾ വഴിയുള്ള പരിപാടികൾ കുട്ടികൾക്ക് ഇതിലൂടെ ലഭ്യമാകും.രണ്ടാമത്തെ ടി.വി റാന്നിയിൽ ഇടക്കുളത്ത് അച്ഛൻ ഉപേക്ഷിച്ചു പോയ വീട്ടിൽ അമ്മയ്ക്കൊപ്പം താമസിക്കുന്ന പത്താം ക്ലാസുകാരനാണ് നൽകിയത്.ദിശയുടെ ഐ.ടി.ചലഞ്ചിൽ ഐ.ടി.ഉപകരണങ്ങൾ സ്‌പോൺസർ ചെയ്യുകയോ,ഇതിലേക്ക് തുക കൈമാറുകയോ,ഉപയോഗ്യമായ പഴയ ഉപകരണങ്ങൾ കൈമാറുകയോ ചെയ്യാം. ജില്ലയിൽ 50 കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യാനാണ് പദ്ധതി.ഉദ്ഘാടന പരിപാടിയിൽ ദിശ പ്രസിഡന്റ് എം.ബി.ദിലീപ് കുമാർ സെക്രട്ടറി ഷാൻ രമേ ശ് ഗോപൻ,ദിശ കാവൽ പദ്ധതി കോഡിനേറ്റർ ഷിജു.എം.സാംസൺ ,പ്രിൻസ് ഫിലിപ്പ് , എന്നിവർ പങ്കെടുത്തു.