ചിറ്റാർ : മൺപിലാവ് പ്രദേശത്തെ കർഷകർക്ക് ഭീഷണിയായി ഒറ്റയാൻ വിലസുന്നു. പ്രദേശത്തെ നിരവധി കർഷകരുടെ കൃഷിഭൂമിയിൽ വൻ നാശനഷ്ടമാണ് വരുത്തുന്നത്. കഴിഞ്ഞ ദിവസം മൺപിലാവ് കുഴിക്കണ്ടത്തിൽ ശ്രീലാലിന്റെ വീടിനു നാശം വിതച്ച ഒറ്റയാൻ കാടുകയറിയിട്ടില്ല.കവുങ്ങ്, തെങ്ങ്, വാഴ, പ്ലാവ് തുടങ്ങിയ ആനക്ക് ഇഷ്ടപെട്ട കൃഷിവിളകൾ പറമ്പിൽ നിറുത്താൻ പറ്റാത്ത സ്ഥിതിയാണ്. രാത്രിയായാൽ പ്രദേശവാസികൾക്ക് പിന്നെ ഉറക്കമില്ല. പടക്കം പൊട്ടിച്ചും, പാട്ടകൊട്ടിയുമൊക്കെയാണ് ആനയെ ഓടിക്കുന്നത്. പകൽസമയങ്ങളിൽ പോലും പറമ്പിൽ കയറിച്ചെല്ലാൻ പറ്റാത്ത അവസ്ഥയിലാണ് സ്ഥലവാസികൾ. ചിറ്റാർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാർഷിക വിളകൾ വിപണിയിലെത്തുന്നത് മൺപിലാവിൽനിന്നുമാണ്. ബഹുഭൂരിപക്ഷം ആളുകളും കൃഷിയിൽ നിന്നും ലഭിക്കുന്ന ആധായംകൊണ്ടാണ് ജീവിക്കുന്നത്. ഇപ്പോൾ വന്യമൃഗങ്ങളുടെ ശല്യത്താൽ കൃഷിചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.ആന,കാട്ടുപന്നി, മ്ലാവ്, കേഴ, മലയണ്ണാൻ കുരങ്ങ്, തുടങ്ങിയ മൃഗങ്ങളുടെ ശല്യം പ്രദേശത്ത് കൂടുതലാണ്.
സൗരോർജ്ജ വേലികൾ പ്രവർത്തന രഹിതം
വന്യമൃഗ ശല്യത്തിന് എതിരെ കർഷകർ മുട്ടാത്ത വഴികളില്ല. ഇവരുടെ പരാതിക്കുമുന്നിൽ വനപാലകരും നിസഹായരാവുകയാണ്. വനപാലകർ ഇതേ പറ്റിപറയുന്നത് നാട്ടുകാരുടെ നിസഹകരണമാണ് മൃഗങ്ങളുടെ ശല്യം കൂടാൻ കാരണം.വന്യ ജീവിശല്യം കുറക്കുവാൻ ചിലയിടങ്ങളിൽ സൗരോർജവേലികൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതു പ്രവർത്തനം നിലച്ചിട്ട് ഒരുവർഷത്തിലേറെയാകുന്നു. സൗരോർജ വേലികൾ സ്ഥാപിച്ചു ഒന്നോ രണ്ടോ മാസമാണ് ഇത് ഉപയോഗപ്രദമായി പ്രവർത്തിച്ചിട്ടുള്ളത്.ഇത് പ്രവർത്തിക്കാത്തതിന്റെ കാരണം മഴക്കാലമായാൽ പടലും, മുൾച്ചെടികളും വളരുകയും,ലൈൻ കമ്പിക്കുമുകളിൽ മരകൊമ്പുകൾ ഒടിഞ്ഞുവീഴുകയും ലൈനുകൾ ഷോട്ടാകാനും ഇടവരുത്തുന്നു. നിലവിലുള്ള സൗരോർജവേലിയുടെ പാനലും ബാറ്ററിയുമെല്ലാം ആന തട്ടിക്കളഞ്ഞനിലയിലാണ്.