തണ്ണിത്തോട്: ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ പകുതിയിയോളം കർഷകർ കിസാൻ ക്രെഡിറ്റ് കാർഡിന് (കെ.സി.സി.പദ്ധതി) പുറത്ത്.കർഷകർ കൃഷി ആവശ്യങ്ങൾക്കായി അമിത പലിശയ്ക്ക് കടമെടുക്കുന്നത് ഒഴിവാക്കാനായി കേന്ദ്ര സർക്കാർ തുടങ്ങിയതാണ് പദ്ധതി.1998ൽ തുടങ്ങിയ പദ്ധതിയിൽ തണ്ണിത്തോട്,അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, കലഞ്ഞൂർ തുടങ്ങിയ പഞ്ചായത്തുകളിലെ പകുതിയിലേറെ കർഷകരും ചേർന്നിട്ടില്ല.കാർഡ് എന്ന് പറയുന്നുണ്ടെങ്കിലും കർഷകർക്ക് വായ്പ പരിധി നിച്ഛയിക്കുന്ന പദ്ധതിയാണിത്. അക്കൗണ്ട് എടുത്താൽ കർഷകർക്ക് റുപേ കാർഡാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി കർഷകസമ്മാന പദ്ധതിയിലൂടെ കർഷകർക്ക് വർഷത്തിൽ 6000 രൂപ മൂന്ന് തവണകളായി ലഭിക്കും. നാല് ശതമാനം പലിശ നിരക്കിലുള്ള സ്വർണ്ണ പണയ കൃഷി വായ്പകൾ നിറുത്തലാക്കി കിസാൻക്രെഡിറ്റ് കാർഡ് അക്കൗണ്ടിലുള്ളവർക്ക് മാത്രം നൽകിയാൽ മതിയെന്ന കേന്ദ്ര സർക്കാർ തീരുമാനവും വന്നിട്ടുണ്ട്.കൃഷിക്ക് വേണ്ട സമയത്ത് പണം ലഭ്യമാക്കാനും പദ്ധതി ഉപയോഗിക്കാം. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂന്ന് ശതമാനം സബ്സിഡി കേന്ദ്ര സർക്കാർ നൽകും.സ്വന്തം കൃഷിഭൂമിയുടെ കരമടച്ച രസീതും കൈവശ വാകാശ സർട്ടിഫിക്കറ്റുമാണ് സമർപ്പിക്കേണ്ട രേഖകൾ.ശരാശരി ഒരു സെന്റിന് 2000 രൂപയാണ് കെ.സി.സി. വഴിയുള്ള വായ്പ.ഹൃസ്വകാലത്തെക്ക് 1.6 ലക്ഷം രൂപയും ദീർഘകാലത്തേക്ക് മൂന്ന് ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. കൃഷിക്കാരന് ആവശ്യമുള്ളപ്പോൾ ഇതിലൂടെ പണമെടുക്കാം.ഒരു വർഷത്തിനുള്ളിൽ പുതുക്കിയാൽ പലിശ ഇളവ് ലഭിക്കും.പാട്ടകൃഷിക്കാർക്കും ഭൂഉടമായുള്ള ധാരണ രജിസ്റ്റർ ചെയ്ത ശേഷം വായ്പ ലഭിക്കും.കർഷക സംഘങ്ങൾക്കും പദ്ധതിയിലൂടെ വായ്പ ലഭിക്കും.

അപേക്ഷ നൽകാം ഇങ്ങനെ....

പദ്ധതിയിൽ ചേരാൻ കർഷകർക്ക് അക്ഷയ സെന്ററുകൾ വഴി അപേക്ഷ നൽകാം.അക്ഷയ സെന്ററുകൾ ഈ പട്ടിക ബാങ്കുകൾക്ക് കൈമാറും. ബാങ്കുകൾ ഇത് പരിശോധിച്ച ശേഷമാണ് വായ്പ നൽകുന്നത്.പഴയ കിസാൻ ക്രെഡിറ്റ് കാർഡ് അകൗണ്ടുകൾ പുതുക്കി നൽകുന്നതിന് ബാങ്കുകൾ പണം ഈടാക്കുന്നില്ല.

പകുതിയോളം കർഷകരും പദ്ധതിക്ക് പുറത്ത്

കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സമയത്ത് രാഷ്ടീയ പാർട്ടി പ്രവർത്തകർ മലയോര മേഖലയിലെ കുടിയേറ്റ കർഷരുടെ വീടുകളിലെത്തി പരമാവധി ആളുകളെ കൃഷിഭവനിലെത്തിച്ച് രജിസ്റ്റർ ചെയ്യിപ്പിച്ചിരുന്നു.പകുതിയോളം കർഷകരും പദ്ധതിക്ക് പുറത്താണിപ്പോഴും.

-വർഷത്തിൽ 6000 രൂപ മൂന്ന് തവണകളായി

ഹൃസ്വ-ദീർഘകാല വായ്പകൾ വേറെ