തണ്ണിത്തോട്: പഞ്ചായത്തിലെ ഒന്നാം വാർഡായ മേടപ്പാറയിൽ ഇന്റർനെറ്റ് കവറേജ് ലഭ്യമല്ലാത്തതുമൂലം മേടപ്പാറ തെക്കേക്കരയിലെയും വടക്കേ കരയിലെയും മുപ്പതോളം വീടുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ലഭ്യമാകുന്നില്ല. ബി.എസ്.എൻ.എല്ലിന് വാർഡിലൊരിടത്തും നെറ്റ് വർക്ക് കവറേജ് ലഭിക്കാത്തതാണ് പ്രശ്നം.ബി.എസ്.എൻ.എൽ ലാന്റ് ലൈനും തകരാറിലാണ്. സ്വകാര്യ ടെലികോം കമ്പനികൾക്കും ഇവിടെ കവറേജ് ലഭിക്കുന്നില്ല. ഗുരുമന്ദിരംപടി മുതൽ പ്ലാന്റഷൻ കോർപ്പറേഷന്റെ റബർത്തോട്ടം വരെയുള്ള ഭാഗങ്ങളിലെ വീടുകളിലെ വിദ്യാർത്ഥികളാണ് ഇത് മൂലം ബുദ്ധിമുട്ടുന്നത്. ബന്ധപ്പെട്ടവർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സി.പി.എം മേടപ്പാറ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.സെക്രട്ടറി എം.ബി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.