പത്തനംതിട്ട : കൊവിഡ് രോഗവ്യാപനത്തിന്റെ തോത് ഏറെ ഉയർന്ന സാഹചര്യത്തിലും സാമൂഹിക അകലം പാലിക്കാനാവാത്ത തരത്തിൽ നിറഞ്ഞ് കവിഞ്ഞ് സംസ്ഥാനത്തെ ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകൾ. കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന അവശ്യ സർവ്വീസുകളായ പൊലീസ് , ആരോഗ്യം , റവന്യൂ , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽപ്പോലും അൻപതു ശതമാനം ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്നിരിക്കെ മുഴുവൻ അദ്ധ്യാപകരെയും നിർബന്ധമായി പങ്കെടുപ്പിച്ചാണ് മൂല്യനിർണ്ണയ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ 93 മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2500 വിദ്യാലയങ്ങളിൽ നിന്നുള്ള ഇരുപത്തയ്യായിരത്തോളം അദ്ധ്യാപകർക്കാണ് മൂല്യനിർണ്ണയ ഡ്യൂട്ടി നൽകിയിരിക്കുന്നത്.
മെയ് ആദ്യം ആരംഭിച്ച ഒന്നാം ഘട്ട മൂല്യനിർണ്ണയത്തിന് 33 ശതമാനം അദ്ധ്യാപകർ ഹാജരായാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു . എന്നാൽ മുടങ്ങിയ പരീക്ഷകൾ മെയ് അവസാനത്തോടെ പൂർത്തിയാക്കിയ ശേഷം ജൂൺ ഒന്നു മുതൽ മുഴുവൻ അദ്ധ്യാപകരും നിർബന്ധമായി മൂല്യനിർണ്ണയത്തിനെത്തണമെന്ന വകുപ്പിന്റെ നിർദ്ദേശമാണ് ക്യാമ്പുകളുടെ പ്രവർത്തനം അപകടത്തിലാക്കിയത്. മിക്ക ക്യാമ്പുകളിലും മൂല്യനിർണ്ണയം നടത്തുന്നതിനും സാനിറ്റൈസേഷൻ നടത്തുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും, നൂറുകണക്കിന് വരുന്ന വനിതാ ജീവനക്കാരടക്കമുള്ളവർക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങളില്ലാത്തതും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
സാമൂഹ്യ അകലം പാലിച്ച് മൂല്യനിർണ്ണയം നടത്താനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനം സംഭവിച്ചു കഴിഞ്ഞാൽ ക്യാമ്പുകളുടെ പ്രവർത്തനം പരിപൂർണ്ണമായി തടസ്സപ്പെടുകയും മൂല്യനിർണ്ണയം അനിശ്ചിതമായി വൈകുകയും ചെയ്യുന്ന സാഹചര്യമുണ്ടാവാതിരിക്കാൻ സർക്കാർ അടിയന്തരമായ നടപടികൾ കൈക്കൊള്ളണമെന്ന് എച്ച്.എസ്.എസ് .ടി .എ സംസ്ഥാന പ്രസിഡന്റ് ആർ.രാജീവൻ, ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് , ട്രഷറർ എം. സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.