പത്തനംതിട്ട : ജില്ലയിൽ വൈദ്യുതിയില്ലാതെ 2892 കുടുംബങ്ങൾ ഉണ്ട്. വൈദ്യുതിയില്ലാത്തതിനാൽ നോൺ ഇലക്ട്രീഫൈഡ് കാർഡുകളിലാണ് ഇവർ ഉൾപ്പെടുന്നത്. കണക്കുകളിൽ വ്യത്യാസം വന്നേക്കാമെന്നാണ് അധികൃതരുടെ നിഗമനം. വൈദ്യുതി ലഭിച്ച് കഴിഞ്ഞ് എൻ.ഇ കാർഡുകാർ കാർഡ് പുതുക്കാൻ കൂട്ടാക്കിയില്ലെങ്കിൽ റേഷൻ കാർഡിന്റെ റിപ്പോർട്ടിൽ നോൺ ഇലക്ട്രീഫൈഡ് കാർഡുകളായി തന്നെയാകും രേഖപ്പെടുത്തിയിട്ടുണ്ടാവുക . ഇതിൽ കൂടുതൽ ആളുകൾ വൈദ്യുതിയില്ലാതെ ജില്ലയിൽ ഉണ്ടോയെന്നതും സംശയമാണ്. മലയോര പ്രദേശങ്ങളിലുള്ളവരാണ് എൻ.ഇ കാർഡുകളിൽ ഭൂരിഭാഗവുമെന്ന് അധികൃതർ പറയുന്നു. സാധാരണക്കാരായ ജനവിഭാഗങ്ങളാണ് ജില്ലയിലേറെയും.

സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. ഫോണും ടിവിയും നൽകിയാൽ തന്നെ വൈദ്യുതിയില്ലാത്ത കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലാകും. ലൈബ്രറികളിലും സ്കൂളുകളും ഇതിനായുള്ള സജീകരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും എല്ലാവർക്കും സൗകര്യങ്ങൾ ലഭ്യമാകുമോയെന്ന് അധികൃതർ പരിശോധിക്കുകയാണ്. ജില്ലയിലെ ഭൂസമര ഭൂമിയിൽ താമസിക്കുന്നവർ കണക്കിൽപ്പെട്ടിട്ടില്ല.

കോന്നി താലൂക്കിലാണ് റേഷൻ കാ‌ർഡ് പ്രകാരം ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് വൈദ്യുതിയില്ലാത്തതായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ 1098 കുടുംബങ്ങൾക്ക് വൈദ്യുതിയില്ല. കുറവ് തിരുവല്ല താലൂക്കിലാണ്. 162 കുടുംബങ്ങൾക്കാണ് തിരുവല്ലയിൽ വൈദ്യുതിയില്ലാത്തതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒാൺ ലൈൻ പഠനം മുടങ്ങും

ആകെ റേഷൻ കാർഡുകൾ : 344025

ഇതിൽ വൈദ്യുതിയുള്ളത് : 341133

താലൂക്കുകളും നോൺ ഇലക്ട്രീഫൈഡ് കാർഡുകളും

കോഴഞ്ചേരി :367

തിരുവല്ല :162

അടൂർ : 468

റാന്നി : 455

മല്ലപ്പള്ളി : 342

കോന്നി : 1098

"എൻ.ഇ കാർഡുകളിൽ ചിലർ വൈദ്യുതി ലഭിച്ചാലും പുതുക്കാൻ വരാറില്ല. കാർഡുകളുടെ കണക്ക് പ്രകാരമാണ് ഇത്രയും കാർഡുകാർക്ക് വൈദ്യുതിയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ചിലയിടത്ത് വൈദ്യുതി ഉണ്ടാകും. "

സപ്ലൈ ഓഫീസ് അധികൃതർ