river

തിരുവല്ല: അപ്പർകുട്ടനാട്ടിലെ നീരൊഴുക്ക് നിലച്ച തോടുകൾ പ്രളയ ദുരിതങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമാകുന്നു. പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം പഞ്ചായത്തുകളിലാണ് മാലിന്യങ്ങൾ നിറഞ്ഞ തോടുകളുള്ളത്. അപ്പർകുട്ടനാട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്ന മണിമലയാറ്റിലെ പ്രധാന തോടുകളായ മണിപ്പുഴ, വൈക്കത്തില്ലം, വാളകത്തിൽ, പെരിങ്ങര -ചാത്തങ്കരി, ചാത്തങ്കരി - വളവനാരി, കോതേകാട്ട് - കാരയ്ക്കൽ - കൂരച്ചാൽ എന്നീ നീർച്ചാലുകളെല്ലാം ശുചീകരിക്കാതെ ദുരിതമായി. കഴിഞ്ഞ പ്രളയത്തിൽ ഒഴുകിയെത്തിയ എക്കലും ചെളിയുമെല്ലാം തോടുകളിൽ നിറഞ്ഞു കിടക്കുകയാണ്. കുളവാഴയും കാക്കപ്പോളയും പായലും മറ്റു മാലിന്യങ്ങളും കുമിഞ്ഞു കൂടിയതോടെ നീരൊഴുക്ക് നിലച്ചു. വർഷങ്ങൾക്ക് മുമ്പ് ചങ്ങനാശ്ശേരി ചന്തയിൽ നിന്ന് തിരുവല്ലയിലേക്ക് വലിയ കെട്ടുവള്ളങ്ങളിൽ സാധനങ്ങൾ എത്തിച്ചിരുന്ന തോടുകളാണ് ഇതിൽ പലതും. പുളിക്കീഴ് പഞ്ചസാര ഫാക്ടറിയിലേക്ക് വലിയ വള്ളങ്ങളിൽ കരിമ്പ് എത്തിച്ചിരുന്നത് ഈ തോടുകളിലൂടെയാണ്. മുൻകാലങ്ങളിൽ വെള്ളം നിറഞ്ഞുകിടന്ന തോടുകളിലൂടെ ഇപ്പോൾ അക്കരെയിക്കരെ നടന്നുപോകാൻ കഴിയുന്ന സ്ഥിതിയാണ്. കൊവിഡ് ഭീഷണി നിലനിൽക്കുമ്പോൾ പ്രളയം കൂടി ഉണ്ടായാൽ മേഖലയിൽ വൻ ദുരന്തമുണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങൾ.


പണികൾ പൂർത്തിയായില്ല
ജനുവരിയിൽ ചില തോടുകളുടെ നവീകരണത്തിനായി തുക അനുവദിച്ചെങ്കിലും പലതിന്റെയും പണികൾ പൂർത്തിയായില്ല.

വിവിധ തോടുകളുടെ നവീകരണത്തിന് അനുവദിച്ച തുക

വേങ്ങൽ തോട് : 90ലക്ഷം

പായിക്കണ്ടം - കൂമ്പുംമൂട്, മേപ്രാൽ വിളക്കുമരം

എന്നീ തോടുകൾക്ക്: 45ലക്ഷം

തോട്ടായിക്കടവ് തോട് : 45ലക്ഷം

പാണാകരി പാടശേഖരത്തിനും ശങ്കരാപാടത്തിനും
ജലസേചന സൗകര്യമൊരുക്കാൻ : 85 ലക്ഷം

അപ്പർകുട്ടനാടിനെ അവഗണിച്ചു
തോടുകൾ ശുചീകരിക്കാൻ ജില്ലയ്ക്ക് സർക്കാർ അനുവദിച്ച 2.25 കോടി രൂപയിൽ അപ്പർകുട്ടനാട്ടിലെ തോടുകൾ അവഗണിച്ചു. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കെ തോടുകളിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കിയും പോളയും മാലിന്യങ്ങളും മറ്റും വാരിക്കളഞ്ഞും ശുചീകരിക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. നീരൊഴുക്ക് തടസ്സപ്പെട്ട തോടുകൾ ശുചീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.

സാം ഈപ്പൻ
ജില്ലാ പഞ്ചായത്തംഗം