തിരുവല്ല: വീടുകളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി ടി.വി ചലഞ്ച് ഏറ്റെടുത്ത്‌ സന്നദ്ധ സംഘടനകൾ രംഗത്തെത്തി.ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ആർ.രാജേഷ് തന്റെ ഒരുമാസത്തെ ശമ്പളം ഉപയോഗിച്ച് ഏഴ് ടി.വിയാണ് കുട്ടികൾക്കായി വാങ്ങി നൽകിയത്.ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിലെ ഏഴ് കായിക വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലേക്കും റാന്നി പെരുന്തേനരുവി,മെഴുവേലി എന്നിവിടങ്ങളിലെ എസ്.‌സി കോളനികളിലെ ഓരോ വീടുകളിലും റാന്നിയിൽ സഹോദരങ്ങളായ മൂന്നു വിദ്യാർഥികളുള്ള വീട്ടിലേക്കും ടി.വി നൽകി. വെച്ചൂച്ചിറ സി.എം.എസ് എൽ.പി സ്കൂളിലേക്കും ആറന്മുള, ഏനാത്ത് എന്നിവിടങ്ങളിലെ ഓരോ കുട്ടികൾക്കും നൽകി.ഇരവിപേരൂർ സ്പോർട്സ് ഹോസ്റ്റലിൽ നൽകിയ ടിവിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ നിർവഹിച്ചു.നിരണത്ത് സി.പി.എം ലോക്കൽ കമ്മിറ്റിയും ഡി.വൈ.എഫ്ഐ.യുമാണ് ടി.വി ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.മൂന്നു ഗവ.സ്കൂളുകളിൽ പഠിക്കുന്ന അഞ്ചു വിദ്യാർത്ഥികൾക്ക് ടി.വിയും കേബിൾ കണക്‌ഷനും നൽകി. ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ 46 കുട്ടികളുടെ വീടുകൾ ഇന്ന് സന്ദർശിച്ച് ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കും. കേടായ ടി.വി നന്നാക്കി കൊടുക്കുകയും ഇല്ലാത്തവർക്കു പുതിയതു കൊടുക്കുകയും ചെയ്യും.ടി.വി ചലഞ്ചിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.സനൽകുമാർ നിർവഹിച്ചു.എൽ.സി സെക്രട്ടറി വി.ടി.വിനീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന നെടുമ്പ്രം കോച്ചാരിമുക്കം ഇ.എ.എൽ.പി സ്‌കൂളിൽ പൂർവ വിദ്യാർത്ഥിയായ ജോബി, ടി.വിയും ഒരു വർഷത്തേക്ക് നെറ്റ് വർക്ക് കണക്ഷനും നൽകി.