പത്തനംതിട്ട : ഓൺലൈൻ ക്ലാസുമായി സ്‌കൂളുകളും അദ്ധ്യാപകരും സജീവമാകുമ്പോൾ കുട്ടികളുടെ ഓൺലൈൻ ക്ലാസുമായി വരികയാണ് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളായ ഗൗരി നന്ദനയും ദേവി നന്ദനയും. വിദ്യാർത്ഥികളുടെ ആദ്യത്തെ ഓൺലൈൻ ഹോം വീഡിയോ ഒരുക്കിക്കൊണ്ട് പുതിയ അദ്ധ്യയന പരീക്ഷണം നടത്തുകയാണ് പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂൾ. ഒമ്പതാം ക്ലാസിലെ മലയാളം കേരള പാഠാവലിയിലെ ചങ്ങമ്പുഴയുടെ സൗന്ദര്യ ലഹരി എന്ന ഒന്നാമത്തെ പാഠമാണ് ഇവർ ഓൺ ലൈൻ വീഡിയോ ആക്കി യുട്യൂബിൽ അപ് ലോഡ് ചെയ്തത്. ഇത് നേതാജി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കെല്ലാം അദ്ധ്യാപകർ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അയച്ച് ഗൃഹപാഠവും കൊടുത്തു. ചിത്രങ്ങളുടെ സഹായത്തോടെ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ നാടകീയാഖ്യാനം നടത്തുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. ലളിതവും വ്യത്യസ്തവുമായ ശബ്ദാവതരണത്തിലൂടെ പത്തു മിനിട്ടു കൊണ്ട് എളുപ്പത്തിൽ മനസിലാക്കാവുന്ന രീതിയിലാണ് വീഡിയോ നിർമാണം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി നന്ദന ക്ലാസിലെ കൂട്ടുകാർക്കു വേണ്ടി അവതരിപ്പിക്കുന്ന ഓൺലൈൻ വീഡിയോ നിരവധി പേർ കണ്ടു കഴിഞ്ഞു. അനുജത്തി ദേവി നന്ദനയാണ് വീഡിയോ എഡിറ്റ് ചെയ്തത്. നാടകപ്രവർത്തകനും സ്‌കൂളിലെ അദ്ധ്യാപകനുമായ മനോജ് സുനിയുടെ മക്കളാണ്. ലോക് ഡൗൺ കാലത്ത് നാല് ഹ്രസ്വ സിനിമകളെടുത്ത് ഈ സഹോദരിമാർ നേരത്തേ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. https://youtu.be/eMDO5_bjHkY എന്ന യൂട്യൂബ് ലിങ്കിൽ കയറിയാൽ വീഡിയോ ലഭ്യമാകും.