പത്തനംതിട്ട: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ തിങ്കളാഴ്ച കളക്ടറേറ്റിലെത്തിയത് 89 ശതമാനം ജീവനക്കാർ. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാസ്‌ക് ധരിച്ചാണ് മിക്കവരും ജോലിക്ക് ഹാജരായത്. കൊവിഡിനെ തുടർന്ന് നിറുത്തിവെച്ച പഞ്ചിംഗ് പുനരാരംഭിച്ചിട്ടില്ല. എല്ലാ ഓഫീസുകളിലും ഹാജർനില രേഖപ്പെടുത്തുകയായിരുന്നു.
ഓഫീസുകൾക്ക് മുന്നിൽ പൊതുജനങ്ങൾക്കായി കൈകഴുകാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. ജീവനക്കാരിൽ മിക്കവരും സാനിട്ടൈസറും കൈയിൽ കരുതിയിരുന്നു. സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സിയിലും സ്വന്തം വാഹനത്തിലുമാണ് ജീവനക്കാർ എത്തിയത്. ഗർഭിണികൾ, കണ്ടെയ്‌മെന്റ് സോണിലുള്ളവർ എന്നിവർക്ക് വർക്ക് ഫ്രം ഹോം അനുമതി നല്കി. കൂട്ടം കൂടുന്നത് ഒഴിവാക്കാൻ വേണ്ടി ജീവനക്കാരുടെ ഭക്ഷണ സമയവും അതാത് ഓഫീസ് മേധാവികൾ തന്നെ ക്രമീകരിച്ചു.
കളക്ടറേറ്റിലെ വിവിധ ഒാഫീസുകളിൽ അപേക്ഷ നൽകാനും മറ്റ് സേവനങ്ങൾക്കും എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയേക്കാൾ ഇന്നലെ പൊതുജനങ്ങളുടെ വരവ് വർദ്ധിച്ചിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. വില്ലേജ് ഒാഫീസുകളിലാണ് കൂടുതലായി എത്തുന്നത്.
മാസ്ക് ധരിക്കാത്തവരെ ഒാഫീസുകളിൽ പ്രവേശിപ്പിക്കുന്നില്ല.
രാത്രികാല കെ.എസ്.ആർ.ടി.സി സർവീസ് ഇല്ലാത്തത് ജീവനക്കാരിൽ പലർക്കും ബുദ്ധിമുട്ടാകുന്നു. അയൽ ജില്ലകളിൽ താമസിക്കുന്നവർ ഇപ്പോഴും സ്വന്തം വാഹനങ്ങളിലാണ് വരുന്നത്. വാഹനങ്ങൾ ഇല്ലാത്ത വനിതാ ജീവനക്കാർ മറ്റുള്ളവരെ ആശ്രയിക്കുകയാണ്.