09-attachackal-road
അട്ടച്ചാക്കൽ ജംഗ്ഷനിൽ റോഡ് ഇടിഞ്ഞ് താണ നിലയിൽ

അട്ടച്ചാക്കൽ: ആറ് മാസങ്ങൾക്ക് മുൻപ് ബി.എം ആൻഡ് ബിസി നിലവാരത്തിൽ വികസിപ്പിച്ച റോഡ് ഇടിഞ്ഞ് താണു. അട്ടച്ചാക്കൽ ജംഗ്ഷനിൽ കോന്നി -വെട്ടൂർ - പത്തനംതിട്ട റോഡും അട്ടച്ചാക്കൽ - ചെങ്ങറ - കുമ്പളാംപൊയ്ക റോഡും ചേരുന്ന ജംഗ്ഷനിലെ കലുങ്കിന്റെയും പൈപ്പ് ലൈനിന്റെയും മുകൾ ഭാഗമാണ് ശനിയാഴ്ച വൈകിട്ട് 7ന് ഇടിഞ്ഞു താണത്. അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡ് ആരംഭിക്കുന്ന ഈ ഭാഗം മുതൽ കുമ്പളാംപൊയ്ക വരെയുള്ള 13 കിലോമീറ്റർ റോഡ് 17കോടി രൂപ മുതൽ മുടക്കിൽ ആറ് മാസം മുൻപാണ് ബി.എം ആൻഡ് ബിസി നിലവാരത്തിൽ വികസിപ്പിച്ചത്.റോഡു പണിയുടെ എസ്റ്റിമേറ്റിൽ കലുങ്ക് പുതുക്കിപ്പണിയാൻ നിർദേശമുണ്ടായിരുന്നെങ്കിലും ഇത് പുതുക്കിപ്പണിയുകയോ പുനർനിർമ്മിക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.നിരവധി ടോർസ് ലോറികളും ടിപ്പറുകളുമാണ് പാറമടകളിൽ നിന്ന് ലോഡുമായി ദിവസവും ഇതിന് മുകളിലൂടെ കടന്നുപോകുന്നത്.റോഡ് ഇടിഞ്ഞുതാണതിനെ തുടർന്ന് പൈപ്പ് ലൈനുകളും പൊട്ടിയിട്ടുണ്ട്.