തണ്ണിത്തോട്: റാന്നി വനം ഡിവിഷനിലെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനേയും കേഴമാനിനേയും കൊന്ന സംഭവത്തിൽ മൂന്നുപേരെക്കൂടി വനപാലകർ പിടികൂടി. തേക്കുതോട് തൂമ്പാക്കുളം സ്വദേശികളായ കളിക്കൽ മുരുപ്പേൽ രഞ്ജിത് (33), വാഴപ്പാവിൽ ഉമേഷ് ഉത്തമൻ(33), വലിയകാലായിൽ അലക്സാണ്ടർ (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് തോക്കും തോക്ക് നിർമ്മാണത്തിനാവശ്യമായ
സാധന സാമഗ്രികളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തേക്കുതോട് സ്വദേശി തോപ്പിൽ വീട്ടിൽ ബിനു(പ്രവീൺ 27), സഹോദരൻ തോപ്പിൽ വീട്ടിൽ പ്രമോദ്(50), തൂമ്പാക്കുളം വിളയിൽ വീട്ടിൽ ബിജു(37),പറക്കുളം പുത്തൻപുരയ്ക്കൽ വീട്ടിൽ വർഗീസ്(50)എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഏപ്രിൽ 30ന് ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ കാട്ടുപോത്തിനെയും കേഴമാനിനെയും വേട്ടയാടി കൊന്ന കേസിൽ പിടിയിലായ തൂമ്പാക്കുളം മനീഷ് ഭവനത്തിൽ മോഹനനൊപ്പം ഇവർ ഉണ്ടായിരുന്നതായി വനപാലകർ പറഞ്ഞു. സംഭവത്തിൽ പുത്തൻ പുരയ്ക്കൽ വർഗീസിന്റെ വീട്ടിൽ നിന്ന് രണ്ട് നാടൻ തോക്ക്, ,തോക്ക് നിറയ്ക്കുന്നതിന് ആവശ്യമായ സാമഗ്രികൾ, തൂമ്പ, ഹെഡ് ലൈറ്റ്, കത്തി തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ 27 ന് ബിനു താമസിച്ചിരുന്ന കരിമാൻതോട്ടിലെ വാടക വീടിന് സമീപത്തെ തോടിന്റെ കരയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ഒരു തോക്ക് കണ്ടെടുത്തിരുന്നു.