thekk
കൊല്ലം കേരളപുരത്ത് നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത തേക്ക് തടികൾ

അരുവാപ്പുലം: നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിൽ നിന്ന് വെട്ടിക്കടത്തിയ തേക്കുമരങ്ങളുടെ തടികളിൽ ചിലത് കൊല്ലത്ത് നിന്ന് പിടിച്ചെടുത്തു. കേരളപുരത്ത് തടിമില്ലിന് അടുത്തുള്ള പണിപൂർത്തിയായ ആൾത്താമസമില്ലാത്ത വീടിന്റെ കാർപോർച്ചിൽ നിന്നാണ് ഏഴ് ഉരുപ്പടികൾ കഴിഞ്ഞദിവസം കണ്ടെടുത്തത്. തടികൾ ഫർണിച്ചറിനായി അറുത്ത നിലയിലായിരുന്നു. ഇവ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.

20 ലക്ഷത്തോളം രൂപയുടെ തേക്കുതടികളാണ് കരിപ്പാൻതോട്, പാടം ഫോറസ്റ്റ് സ്റ്റേഷൻ അതിർത്തികളിൽ നിന്ന് വനപാലകരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത്. കേരളകൗമുദിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

മാർച്ച് 21 നാണ് തടി മോഷണം പോയതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. തേക്കുതടി മുറിച്ച് കടത്താൻ സഹായിച്ച ചെക്ക് പോസ്റ്റ് വാച്ചർമാരായ ഗീവർഗീസ്, മധു എന്നിവരെ അറസ്റ്റുചെയ്തിരുന്നു. പ്രതികൾ രണ്ട് തവണ കൊല്ലം ചന്ദനത്തോപ്പിലും ഒരു തവണ കേരളപുരത്തുള്ള തടിമില്ലിലും എത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതേ തുടർന്ന് അന്വേഷണ സംഘം കൊല്ലത്ത് നടത്തിയ പരിശാേധനയിലാണ് കഴിഞ്ഞ ദിവസം തടികൾ കണ്ടെത്തിയത്.

വെട്ടിക്കടത്തിയ തടിക്കഷണങ്ങളിൽ ചിലത് ചന്ദനത്തോപ്പിലെ മില്ലിൽ നിന്ന് നേരത്തെ പിടിച്ചെടുത്തിരുന്നു.

പ്രതികളായ കൊക്കാത്തോട് വയക്കര സ്വദേശികളായ സമീർ, അൻവർഷാ, ജോതിഷ് എന്നിവർ ഇപ്പോഴും ഒളിവിലാണ്.

സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് റേഞ്ച് ഒാഫീസർമാർ അടക്കം 12 ഉദ്യോഗസ്ഥരെ വനംവകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു.

@ കാട് കത്തിച്ചതിന് കേസെടുത്തു

തേക്കുതടികൾ വെട്ടിക്കടത്തുന്നതിന് മുമ്പായി ആസൂത്രതമായി കാട് കത്തിച്ചതിന് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഒളിവിൽ കഴിയുന്ന അൻവർഷായാണ് കാട് കത്തിക്കാൻ നേതൃത്വം കൊടുത്തതെന്ന് തെളിഞ്ഞിട്ടുണ്ട്. തടി മോഷണത്തിന് മുന്നോടിയായി 44 തവണ പല ഭാഗങ്ങളിലായി കാട് കത്തിച്ചു. സംസ്ഥാനത്തെ വനമേഖലയിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കാട് കത്തൽ. മുറിച്ചു കടത്തിയ തേക്കുകളുടെ കുറ്റികൾ പെട്രോളൊഴിച്ച് കത്തിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.