പത്തനംതിട്ട : നിർദ്ധനരായ കുട്ടികൾക്ക് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച ടെലിവിഷൻ സെറ്റുകൾ രാജു എബ്രഹാം എം.എൽ.എ പരുവ ഗവ. എൽ.പി. സ്‌കൂളിൽ വിതരണം ചെയ്തു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ പത്ത്, പന്ത്രണ്ട് വാർഡുകളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കാണ് സുമനസുകളുടെ സഹായത്തോടെ ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഒരുക്കിയത്. ഇതിനായി കെ. ശ്രീകുമാർ സഹകരണം തേടുകയും സമൂഹ മാദ്ധ്യമങ്ങളിൽ അഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു. ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ആർ.രാജേഷ് , വെച്ചൂച്ചിറ നൂറോക്കാട് മൂലയിൽ വീട്ടിൽ ബാലകൃഷ്ണൻ എന്നിവർ പുതിയ ടെലിവിഷൻ സെറ്റുകൾ വാങ്ങി നൽകി.
ടെലിവിഷൻ, ഡി.ടി.എച്ച് സംവിധാനം എന്നിവ വിദ്യാർത്ഥികൾക്ക് കൈമാറി. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീകുമാർ, ടി.പി. അനിൽകുമാർ, ഊരുമൂപ്പൻ രാഘവൻ, അദ്ധ്യാപകരായ ബിജോമോൻ, ചിഞ്ചു, പി.ടി.എ പ്രസിഡന്റ് അനീഷ് തടത്തിൽ, സിറിയക്ക് തോമസ്, ജോമോൻ പുല്ലാട്, എസ്.രാജേന്ദ്രൻ, തങ്കച്ചൻ കാനാട്ട്, സാജു, ടോം പുല്ലാട്ട്, ശ്രീദാസ്, വിജയസേനൻ, ജോമോൻ അന്ത്യാംകുളം, രാധാകൃഷ്ണൻ നൂറോക്കാട് എന്നിവർ പങ്കെടുത്തു.