കടമ്പനാട് : ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും പാഠ പുസ്തകവിതരണം കാര്യക്ഷമമായില്ല. ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ വിതരണം ചെയ്യേണ്ട പുസ്തകങ്ങൾ മാർച്ച് പകുതിയോടെ തിരുവല്ലയിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഒാഫീസിൽ എത്തിയിരുന്നു. എന്നാൽ വിതരണം സമയബന്ധിതമായി നടത്താനായില്ല. ഇപ്പോൾ കുട്ടികളും രക്ഷിതാക്കളും പുസ്തകത്തിനായി സ്കൂൾ അധികൃതരെ ബന്ധപ്പെടുന്നുണ്ട്. പാഠപുസ്തകം ആവശ്യപ്പെടുമ്പോൾ ഒാൺലൈനിൽ ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ നൽകുന്ന മറുപടി. ഒാൺലൈനിൽ നിന്ന് പ്രിന്റെടുത്ത് പഠിക്കുകയെന്നത് സാധാരണക്കാരെ കൊണ്ട് നടക്കാത്ത കാര്യമാണ്. പാഠപുസ്തകങ്ങൾ സ്കൂളുകളിലെ സൊസൈറ്റികളിൽ നേരിട്ടെത്തിക്കുകയായിരുന്നു മുൻകാലപതിവ്.
പുസ്തകം ലഭിക്കാത്തതിൽ പ്രതിഷേധം ശക്തമായതോടെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവും പുറത്തിറങ്ങിയിരുന്നു. എ.ഇ.ഒമാർ സ്കൂൾ ബസുകൾ സജ്ജീകരിച്ച് തിരുവല്ലയിലെത്തി പുസ്തകങ്ങൾ കൈപ്പറ്റി സ്കൂളുകളിലെത്തിക്കണമെന്നാണ് ഉത്തരവ്.
സ്കൂൾ ബസുകളുടെ പെട്രോളിന് ചെലവാകുന്ന തുക പിന്നീട് നൽകാമെന്ന് പറയുന്നുണ്ടെങ്കിലും ഡ്രൈവറുടെ ശമ്പളം, മറ്റു ചെലവുകൾ എന്നിവയുടെ കാര്യത്തിൽ വ്യക്തതയില്ല.