wait
ചുറ്റും കടുപിടിച്ച അവസ്ഥയിൽ ഹോളിക്രോസ് ആശുപത്രി ജംഗ്ഷനിലെ കാത്തിരിപ്പുകേന്ദ്രം.

അടൂർ : ചുറ്റിനും കാടുമൂടി കിടക്കുന്ന വെയിറ്റിംഗ്ഷെഡ്.പാമ്പിനെ ഭയന്ന് കയറിനിൽക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് ഭയം.മഴപെയ്താൽ നനയാതിരിക്കാൻ രണ്ടും കൽപ്പിച്ച് കയറി നിൽക്കുമ്പോഴും ചുറ്റിനും കണ്ണോടിച്ച് ഭയപ്പാടോടെ നിൽക്കേണ്ടിവരുന്ന യാത്രക്കാരുടെ അവസ്ഥ.ഇതൊന്നും കാണാൻ ഇവിടെ അധികാരികളില്ലേ എന്ന് ചോദിക്കുകയാണ് നാട്ടുകാർ.അത്രയ്ക്ക് ഭയാനകമായ ചുറ്റുപാടാണ് എം.സി.റോഡും കെ.പി റോഡും ബന്ധിപ്പിക്കുന്ന ഹോളിക്രോസ് ആശുപത്രി ജംഗ്ഷനിലെ ഇൗ കാത്തിരിപ്പ് കേന്ദ്രത്തിന്റെ പരിസരം.സ്വകാര്യ ആശുപത്രി അധികൃതർ സ്വന്തം ചെലവിൽ നിർമ്മിച്ചതാണ് ടൗൺ ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്നവർക്കായുള്ള ഇൗ കാത്തിരിപ്പ്കേന്ദ്രം.രണ്ട് മാസത്തിലേറെയായി ലോക്ഡൗൺ കാരണം ഇവിടം പൂർണമായും വിജനമായിരുന്നു.ഇതോടെ ചുറ്റിനും വള്ളിപടർപ്പുകളും പുല്ലുംവളർന്ന് ഇഴജെന്തുക്കളുടെ താവളമായി.ഭാഗികമായി ബസ് സർവീസുകൾ ആരംഭിച്ചതോടെ യാത്രക്കാർ വന്നുതുടങ്ങി.എന്നാൽ വെയിലും മഴയുമേൽക്കാതിരിക്കാൻ ഇതിനുള്ളിലേക്ക് കയറി നിൽക്കാൻ അൽപ്പം മടിക്കും.

പരസ്പരം പഴിചാരി അധികൃതർ

നഗരസഭാ അധികൃതരുടെ മൂക്കിന് താഴെയുള്ള സ്ഥലമാണ് ഇത്.വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങൾ ശുചീകരണം നടത്തിയെങ്കിലും ഇൗ ഭാഗത്തേക്ക് ആരും തിരിഞ്ഞു നോക്കിയില്ല.നാടുമുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾ റോഡും -തോടും

വൃത്തിയാക്കാനായി രംഗത്തുണ്ട്.പൊതുമരാമത്തിന്റെ അധീനതയിലായതിനാൽ അതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട നിരത്ത് വിഭാഗത്തിനാണെന്ന് മുനിസിപ്പൽ അധികൃതരുടെ വിശദീകരണം.എന്നാൽ ഇൗ വിഷയം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും.പരസ്പരം പഴിചാരി രക്ഷപടാൻ ശ്രമിക്കുമ്പോഴും ഇതിന് ചുറ്റിലും പതിയിരിക്കുന്ന അപകടം കണ്ടില്ലെന്ന് നടിക്കുന്നത് ബന്ധപ്പെട്ട ഭരണാധികരികൾക്ക് ഭൂഷണമല്ലെന്നാണ് യാത്രക്കാരുടെ പക്ഷം.

ഇഴജന്തുക്കൾ കയറി ഇരുന്നാൽ കാണാൻ കഴിയാത്തവിധം ചുറ്റിനും കാടാണ്.പ്രത്യേകിച്ചും മഴക്കാലമായതോടെ ഇഴജന്തുക്കളേറെയുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം.

ഷാജി ഉദയഭാനു.

(പ്രദേശവാസി)

ഇത്തരമൊരു വിഷയം ശ്രദ്ധയിൽപ്പെട്ടില്ല.ആ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാനുമുണ്ട്.എങ്കിലും യാത്രക്കാരുടെ സുരക്ഷകണക്കിലെടുത്ത് ഉടൻ നടപടി സ്വീകരിക്കും.

മുരുകേശ്കുമാർ

(അസി.എൻജിനിയർ,

പൊതുമരാമത്ത് വിഭാഗം)