കോന്നി : മലയോര മേഖലയായ കോന്നിയിൽ ശുദ്ധജല വിതരണം മുടങ്ങിയിട്ട് നാല് ദിവസം. ജല അതോറിറ്റിയുടെ മോട്ടോറുകൾ കൂട്ടത്തോടെ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. മറ്റ് പ്രാഥമിക ആവശ്യങ്ങൾക്ക് മഴവെള്ളം ഉപയോഗിക്കാമെങ്കിലും ജലഅതോറിറ്റിയുടെ കുടിവെള്ളമില്ലാത്തത് മുന്നൂറോളം കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾ
കോന്നി, അരുവാപ്പുലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം നേരിടുന്നത്. കോന്നി ടൗൺ,ചിറ്റൂർമുക്ക്,പൊന്തനാംകുഴി ,ചേരിമുക്ക്, മങ്ങാരം, വകയാർ, കൈതക്കര,മ്ലാന്തടം,കൊല്ലൻ പടി,മുതുപേഴുങ്കൽ എന്നീ പ്രദേശങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ജല അതോറിറ്റിയുടെ കുടിവെള്ളം മാത്രമാണ് ആശ്രയിക്കുന്നത്. മാരൂർപാലം കൊട്ടാരത്തിൽ കടവ് പമ്പ് ഹൗസിൽ നിന്നുമാണ് ഈ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നത്.
മോട്ടോറുകളുടെ തകരാർ
പമ്പ് ഹൗസിൽ രണ്ട് മോട്ടോറുകളാണുള്ളത്.ഒന്ന് പഴക്കമേറിയതും, മറ്റൊന്ന് അടുത്ത കാലത്ത് ബ്ലോക്ക് പഞ്ചായത്ത് വാങ്ങി നൽകിയതും.പഴയ മോട്ടോർ കോന്നി പഞ്ചായത്തിലേക്ക് വെള്ളം എത്തിക്കാനും,പുതിയത് അരുവാപ്പുലം പഞ്ചായത്തിലേക്ക് വെള്ളം എത്തിക്കാനുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം കോന്നി ഭാഗത്തേക്ക് വെള്ളം എത്തിക്കുന്ന മോട്ടോർ കേടായെങ്കിലും ഇതുവരെ നന്നാക്കിയില്ല. അരുവാപ്പുലത്തേക്ക് വെള്ളമടിക്കുന്ന മോട്ടോർ ഉപയോഗിച്ച് കോന്നിയിലേക്കും വെള്ളം എത്തിക്കാനുള്ള ശ്രമം നടക്കുന്നില്ല.വെൺ മേലിപ്പടിയിൽ പൈപ്പ് ലൈൻ പൊട്ടുകയും, ഇവിട്ടുത്തെ വാൽവ് പൂട്ടി വാൽവ് ഷട്ടർ അഴിച്ചുകൊണ്ടു പോകുകയും ചെയ്തു.വാൽവ് ഷട്ടർ തിരികെ ഘടിപ്പിക്കാതെ വെള്ളം പമ്പ് ചെയ്യാനാകില്ല.
പൈപ്പ് പൊട്ടലും വില്ലൻ
പതിറ്റാണ്ടുകൾക്ക് മുമ്പ് മണ്ണിനടിയിൽ സ്ഥാപിച്ച പൈപ്പ് ലൈൻ വഴിയാണ് വെള്ളം പമ്പ് ചെയ്യുന്നത്.ഇത് തുടർച്ചയായി പെട്ടുന്നത് പലയിടങ്ങളിലും ദിവസങ്ങളോളം കുടിവെള്ളം മുടക്കുന്നുണ്ട്.ഇതിന് പിന്നാലെയാണ് മോട്ടോർ തകരാറും.പൈപ്പ് പൊട്ടലുകൾ കണ്ടുപിടിക്കാൻ ദിവസങ്ങൾ വേണ്ടിവരും.ഭൂരിഭാഗം പൈപ്പും റോഡിന് അടിയിലൂടെയാണ്. അറ്റകുറ്റപ്പണികൾക്കായി റോഡ് വെട്ടിക്കുഴിക്കുന്നതും ശാസ്ത്രീയമായി മൂടാത്തതും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
-------------------------------------------------------
മോട്ടോറും പൈപ്പ് ലൈനും നന്നാക്കി കുടിവെള്ളം അടിയന്തരമായി പുന:സ്ഥാപിക്കണം
(പ്രദേശവാസികൾ)
-------------------------------------------------------
-ഇപ്പോൾ ഏക ആശ്രയം മഴവെള്ളം
-ഭൂരിഭാഗം വീടുകളിലും കിണറില്ല
- 300 കുടുംബങ്ങൾ ദുരിതത്തിൽ
-----------------------------------------------------
1.കേടായ മോട്ടോർ നന്നാക്കിയില്ല
2. അരുവാപ്പുലത്തെ മോട്ടർ കോന്നിയിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നില്ല