തിരുവല്ല: മഴക്കാലത്ത് തിരുവല്ല നിയോജക മണ്ഡലത്തിൽ 73 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ നിയോജകമണ്ഡലതല അവലോകനയോഗത്തിൽ തീരുമാനമായി. കഴിഞ്ഞ പ്രളയകാലത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ഇപ്പോൾ കൊറോണ കെയർ സെന്ററുകളാണെങ്കിൽ അവയ്ക്ക് പകരമായി ഉപയോഗിക്കാൻ കൂടുതൽ ദുരിതാശ്വാസ ക്യാമ്പ് സെന്ററുകൾ കണ്ടുവയ്ക്കും. മണ്ഡലത്തിലെ കൊറോണ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ഇരവിപേരൂർ കോട്ടയ്ക്കാട് ആശുപത്രി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അമ്പതോളം കിടക്കകളുണ്ട്. ജലജന്യരോഗങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധിച്ച സാഹചര്യത്തിൽ പഞ്ചായത്ത്തല ജാഗ്രതസമിതികളും വാർഡുതല സമിതികളും ഒരാഴ്ചയ്ക്കുള്ളിൽ യോഗംചേർന്ന് പ്രാദേശികതലത്തിൽ നടപ്പാക്കേണ്ട ശുചീകരണ പ്രവർത്തനങ്ങൾ ആസുത്രണം ചെയ്യും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും യോഗം തീരുമാനിച്ചു. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ ജോൺ വർഗീസ് ,​. മുനിസിപ്പൽ ചെയർമാൻ ആർ.ജയകുമാർ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്, നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് റേച്ചൽ ബോബൻ, ജില്ലാ ജൂനിയർ മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ.നിരൺ ബാബു, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് ശശിധരൻ, ഡോ.സുനിതകുമാരി, തുടങ്ങിയവർ പങ്കെടുത്തു.