shyni
ആശാവർക്കറായ ഷൈനി ശശിയെ അടൂർ പി. വി എൽ. പി സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന ആദരിച്ചപ്പോൾ

അടൂർ : കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ അക്ഷീണ പ്രയത്നം നടത്തുന്ന ആശാവർക്കർക്ക് സഹപാഠികളുടെ സ്നേഹാദരം. അടൂർ പി.വി.എൽ.പി സ്കൂളിലെ 1976 - 1980 ബാച്ചിലെ സഹപാഠികൾ ചേർന്ന് കഴിഞ്ഞ ദിവസം സ്കൂൾ മുറ്റത്ത് ഒത്തുകൂടിയപ്പോൾ അടൂർ ജനറൽ ആശുപത്രിയുമായി ചേർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്ന ആശാവർക്കറായ ഷൈനി ശശിക്ക് വേറിട്ട അനുഭവമായി.രാപ്പകൽ ഭേദമന്യേ ആരോഗ്യ പ്രവർത്തനം നടത്തിയത് ഇത്തരമൊരു ആദരവോ ഉപഹാരസമർപ്പണമോ പ്രതീക്ഷിച്ചായിരുന്നില്ല. മറിച്ച് കൊവിഡിനെ തുരത്താനുള്ള പ്രയത്നത്തിൽ തന്നാലാകുന്ന പ്രവർത്തനം കാഴ്ചവെയ്ക്കുക എന്നത് മാത്രമായിരുന്നു 12 വർഷമായി ആശാപ്രവർത്തകയായ ഷൈനിയുടെ മനസിൽ. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഒരേ ക്ളാസിൽ പഠിച്ച സഹപാഠികൾചേർന്ന് രൂപം നൽകിയ പൂർവവിദ്യാർത്ഥി കൂട്ടായ്മയിൽ ഷാൾ അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചപ്പോൾ ഷൈനിയുടെ കണ്ണുകൾ നനഞ്ഞു. പി.വിഎൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ പൂർവ വിദ്യാർത്ഥികളായ ശാന്തി,സോമ,സുധ പത്മകുമാർ,സലാവുദ്ദീൻ,ചാർളി, ജയകൃഷ്ണൻ ജി.കുറുപ്പ് എന്നിവർ പങ്കെടുത്തു.