ഒാൺലൈൻ പഠനത്തിട്ട

തിരുവല്ല: ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഈയാഴ്ചയ്ക്കുള്ളിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പഠനസൗകര്യം ഉറപ്പാക്കും.

ജൂണ് 1ന് ഓൺലൈൻ ക്ലാസ് സംവിധാനം ആരംഭിച്ചപ്പോൾ ജില്ലയിൽ 2064 കുട്ടികൾക്ക് ഓൺലൈൻ സംവിധാനം പ്രാപ്യമാക്കാൻ കഴിഞ്ഞിരുന്നില്ല.

ഇതേതുടർന്ന് 1503 കുട്ടികൾക്ക് പലവിധ മാർഗങ്ങളിലൂടെ പഠനസൗകര്യം ഉറപ്പാക്കി. മറ്റു ചിലർക്ക് സന്നദ്ധസംഘടനകളും സഹായത്തിന് ഒരുങ്ങിയിട്ടുണ്ട്. പത്തനംതിട്ട, റാന്നി, കോന്നി ബി.ആർ.സികളിലായി 432 കുട്ടികൾക്കാണ് ഇനിയും പഠനസൗകര്യങ്ങൾ ലഭ്യമാകാത്തത്. ഇവർക്ക് വേണ്ടി അദ്ധ്യാപകർ 100 ടി.വിയും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ അഞ്ച് ടി.വിയും കേബിൾ കണക്ഷൻ ഉൾപ്പെടെ ലഭ്യമാക്കും. ഇപ്പോൾ നടക്കുന്നത് ട്രയൽ പഠനമാണ്. 15 മുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പഠനം പൂർണതോതിൽ ആരംഭിക്കുമ്പോൾ എല്ലാ കുട്ടികൾക്കും സൗകര്യങ്ങളെല്ലാം ഉറപ്പാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

ഭിന്നശേഷിക്കാർക്ക് പ്രത്യേക സംവിധാനം
തിരുവല്ല: വിക്ടേഴ്‌സ് ചാനലിൽ ഭിന്നശേഷി കുട്ടികൾക്കും പ്രത്യേക പഠന സംവിധാനം ഒരുക്കി. ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകൾ ഭിന്നശേഷി കുട്ടികൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്ന തിരിച്ചറിവിനെ തുടർന്നാണ് പുതിയ സംവിധാനം ഒരുക്കിയത്. ഓരോ വിഷയത്തിന്റെയും അദ്ധ്യാപകരും, ഭിന്നശേഷി കുട്ടികൾക്ക് സഹായം ചെയ്യുന്ന റിസോഴ്‌സ് അദ്ധ്യാപകരും ചേർന്ന് ആറ് വിഭാഗത്തിലായുള്ള ഭിന്നശേഷി കുട്ടികളെ പരിഗണിച്ചുകൊണ്ട് ബി.ആർ.സി തലത്തിൽ പ്രത്യേകം വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. മാനസികവൈകല്യം, കേഴ്വി കുറവ്, കാഴ്ചക്കുറവ്, പഠനവൈകല്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായാണ് ഈ ക്രമീകരണം. ഓൺലൈൻ ക്ലാസുകൾ കാണുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതാദ്യമായാണ് ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക സംവിധാനം ഒരുക്കുന്നത്. ഇവരെ പരിശീലിപ്പിക്കാൻ 95 അദ്ധ്യാപകരും സജ്ജമാണ്. തികച്ചും മനശാസ്ത്ര സമീപനത്തിലൂടെ തയ്യാറാക്കിയ വീഡിയോ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ജില്ലയിൽ 2946 ഭിന്നശേഷി കുട്ടികൾ.

പഠനസൗകര്യം ഇല്ലാത്ത കുട്ടികൾ എത്രയായാലും അവർക്കെല്ലാം ടി.വികൾ വാങ്ങി നൽകും.

കെ.വി.അനിൽ

സർവശിക്ഷാ കേരള

ജില്ലാ പ്രോജക്ട് കോർഡിനേറ്റർ

കൈറ്റ് വിക്ടേഴ്സ് സംയുക്തമായി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുന്നതിനുള്ള സംവിധാനം 57 പഞ്ചായത്തുകളിലും ഒരുങ്ങി.

അന്നപൂർണാദേവി,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഓൺലൈൻ പഠനത്തിന് പ്രത്യേകം ഒരുക്കിയ സൗകര്യങ്ങൾ

(വിവിധ മാദ്ധ്യമങ്ങളും കുട്ടികളുടെ എണ്ണവും)

ടെലിവിഷൻ : 291

ലാപ്‌ടോപ്പ്/കമ്പ്യൂട്ടർ/ടാബ് : 28

സ്മാർട്ട്‌ഫോൺ : 166

കേബിൾ/നെറ്റ് വർക്ക് : 203
വായനശാലകൾ/സാമൂഹ്യപഠനമുറി : 513

അധ്യാപകർ ലാപ്‌ടോപ്പിൽ ഡൗണ്‌ലോഡ് ചെയ്ത് നൽകിയത്: 76 വിദ്യാലയത്തിലെ ലാപ്‌ടോപ്പ്/കമ്പ്യൂട്ടർ/പ്രൊജക്ടർ എന്നിവയിലൂടെ : 226

സജ്ജീകരണങ്ങൾ ലഭിച്ച കുട്ടികൾ: 1503