കൊന്നപ്പാറ: പഴയകാല ഒാർമ്മകളുണർത്തി തലയുയർത്തി നിൽക്കുകയാണ് ചെങ്ങറ മുക്കിന് സമീപമുള്ള തടിക്കട. 84 കൊല്ലത്തെ പഴക്കമുണ്ടെങ്കിലും തേക്കുതടിയിൽ നിർമ്മിച്ച കടയ്ക്ക് തകരാറൊന്നുമില്ല.
തണ്ണിത്തോട് റോഡരികിൽ അളിയൻ മുക്കിനും ചെങ്ങറ മുക്കിനും ഇടയിലുള്ള കട രാജഭരണകാലമായ 1936ൽ ലക്ഷ്മി വിലാസത്തിൽ മാധവൻ പിള്ളയാണ് പണിയിപ്പിച്ചത്. ബന്ധുവായ ശാന്തി ഭവനത്തിൽ ഗോപാലകൃഷ്ണൻ നായരുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ. എട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇടിഞ്ഞു പോവുകയാ ചിതലരിക്കുകയോ ചെയ്തിട്ടില്ല..കഴുക്കോലും, പട്ടികയും ഉത്തരവും മാത്രമല്ല തൂണുകളും ഭിത്തിയുമെല്ലാം തടിയിലാണ്. ഇതിനോട് ചേർന്ന് അറയും നിലവറയുമുണ്ട്. കരിങ്കൽകെട്ടുകൾക്ക് മുകളിലുള്ള കടയുടെ പ്രധാന വാതിലിലൂടെ കയറി താഴെ നിലവറയിലേക്ക് പോകാം. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് പലചരക്ക് സാധനങ്ങളും വസ്ത്രങ്ങളും വിറ്റിരുന്ന കോന്നി അതുമ്പുംകുളം റോഡിലെ പ്രധാനകടയായിരുന്നു ഇത്. 1950 കളിൽ തണ്ണിത്തോട് കുടിയേറ്റം തുടങ്ങുമ്പോൾ കാൽനടയായി വിവിധ പ്രദേശങ്ങളിൽ നിന്ന് വന്നിരുന്ന കർഷരുടെ വിശ്രമകേന്ദ്രം കൂടിയായിരുന്നു കട. കിഴക്കൻ മലയോര മേഖലയിലെ കർഷകർ കോന്നി നാരായണപുരം ചന്തയിലേക്കും പയ്യനാമൺ രാമപുരം ചന്തയിലേക്കും തലച്ചുമടായി സാധനങ്ങളുമായി പോകുമ്പോഴും ഇവിടെ വിശ്രമിച്ചിരുന്നു. പണ്ട് അരി, പലചരക്ക് സാധനങ്ങൾ, തുണി എന്നിവ വിറ്റിരുന്ന റേഷൻ കടയായിരുന്നു ഇത്. പിൽക്കാലത്ത് സമീപത്ത് കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നതോടെ കടയുടെ പ്രതാപം മങ്ങി. ഇപ്പോൾ യുവജന ക്ലബിന്റെ ഓഫീസാണ് കട.
----------------
നിർമ്മാണം - 1936ൽ
ഭിത്തി ഉൾപ്പെടെ എല്ലാം തേക്കുതടി