പന്തളം: പന്തളം നഗരസഭയിലെ ഭരണകക്ഷിയിലെ തന്നെ അഞ്ചാം ഡിവിഷനിലെ സി.പി.എം അംഗം വി.വി.വിജയകുമാർ നഗരസഭാ സെക്രട്ടറിയുടെ കവാടത്തിൽ ധർണ നടത്തി. സെക്രട്ടറി സ്ഥലത്തില്ലാത്തതിനാൽ അടഞ്ഞ മുറിയ്ക്കു മുന്നിലായിരുന്നു ഒറ്റയാൻ സമരം. ഇന്നലെ രാവിലെ വൈസ് ചെയർമാൻ ആർ.ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിന് ശേഷം 11.30തോടെയായിരുന്നു ഭരണകക്ഷി മെമ്പറുടെ സമരം.ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസും, ബി.ജെ.പിയും നഗരകവാടത്തിലിരുന്ന് മുദ്രാവാക്യം വിളിച്ചു.പി.എം.എ.വൈ. ഭവന പദ്ധതിയിൽ കൗൺസിലിൽ പരിഹാരമാകാത്തതിലായിരുന്നു വി.വി.വിജയകുമാർ സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ ധർണ നടത്തിയത്.വീട് വയ്ക്കാൻ തന്റെ വാർഡിലെ അനവധി പേർ അപേക്ഷ സമർപ്പിക്കുകയും, അനുവദിച്ച വീടുകളുടെ നിർമ്മാണത്തിനായി നിലവിലുണ്ടായിരുന്ന വീടുകൾ പൊളിച്ചു മാറ്റുകയും ചെയ്തു.വിഹിതം ലഭിക്കാതെ നിരവധി പേർ പെരുവഴിയിലായി, ഇതിനെതിരെയായിരുന്നു പ്രതിഷേധം. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സി.പി.എം അംഗം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലസിതാ നായർ ഇടപെട്ട് സമരം അവസാനിപ്പിക്കുകയായിരുന്നു. പന്തളം നഗരസഭയിൽ ഈ പദ്ധതിയിൽ ഭവനം അനുവദിച്ചത് 166 പേർക്കാണന്നും, നഗരസഭയുടെ വിഹിതമായി മൂന്നര കോടി രൂപ വേണമെന്നും സെക്രട്ടറി ജി.ബിനു ജി പറഞ്ഞു.നഗരസഭ ബാങ്ക് ലോണിന് ശ്രമിച്ചഎങ്കിലും ഈട് നൽകാൻ സ്വന്തം ഭൂമികളുടെ ആധാരങ്ങൾ നഗരസഭയുടെ പക്കലില്ല.അതിനാൽ ബാങ്ക് ലോൺലഭിക്കാൻ ബുദ്ധിമുട്ടാണ്. വൈകാതെ ഫണ്ട് നൽകാൻ കഴിയുമെന്നും നഗരസഭാ സെക്രട്ടറി ജി.ബിനു ജി പറഞ്ഞു.