റാന്നി : കാട്ടുപന്നി കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് ടാപ്പിംഗ് തൊഴിലാളിയായ വടശേരിക്കര അരീക്കക്കാവ് ഈറമലയിൽ റെജി (52) മരിച്ചു. വടശേരിക്കര – ചിറ്റാർ റോഡിൽ മണിയാർ ഡിപ്പോയ്ക്ക് സമീപം ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു അപകടം. രാവിലെ ടാപ്പിംഗിന് പോയപ്പോഴാണ് അപകടം. ബൈക്ക് മറിഞ്ഞ് റെജി തെറിച്ചുവീണു. രാവിലെ നടക്കാനിറങ്ങിയവർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ റോഡിൽ വീണുകിടക്കുന്ന റെജിയെയാണ് കണ്ടത്. ഉടൻതന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിൽ പന്നിയുടെ രോമം പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. റെജികുമാർ ഇരുപത്തിയഞ്ച് വർഷമായി എ.വി.ടി.എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയാണ്. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: സുജിനി. മക്കൾ: നിത്യ, നീതു.