മല്ലപ്പള്ളി: താലൂക്ക് ആശുപത്രിയിൽ കൊവിഡ് 19 ചികിത്സയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുവാൻ 40 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.മാത്യു.ടി. തോമസ് എം.എൽ.എ അറിയിച്ചു. ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ആണ് തുക അനുവദിച്ചത്. ആശുപത്രി സൂപ്രണ്ട് തയ്യാറാക്കി നൽകിയ ഉപകരണങ്ങൾക്ക് ആവശ്യമായ തുക ലഭ്യമാക്കി.വെന്റിലേറ്റർ, കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം, ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനാലിസർ, മൾട്ടിപ്പിൾ മോണിറ്ററിംഗ് ഓട്ടോക്ലേവ്, ഇന്റൻസീവ് കെയർ യൂണിറ്റിലേക്കുള്ള ആധുനിക സംവിധാനങ്ങൾ അടക്കം 25 ഇനങ്ങളാണ് ആശുപത്രിയിൽ പുതുതായി സ്ഥാപിക്കുന്നത്.ഇതോടൊപ്പം ഓപ്പറേഷൻ തിയേറ്റർ, ലാബ് വാർഡുകൾ തുടങ്ങിയവയ്ക്ക് വേണ്ടി വരുന്ന മെഡിക്കൽ ഉപകരണങ്ങൾ ,ഫർണിച്ചർ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ,ആർട്ട്‌കോ എന്നീ സർക്കാർ ഏജൻസികളാണ് ഉപകരണങ്ങൾ നൽകുന്നതും സ്ഥാപിക്കുന്നതും. കൊവിഡ് ടെസ്റ്റിംഗ് കിറ്റ് അടക്കമുള്ളവ വാങ്ങി ഉപയോഗിക്കുന്നതിന് സർക്കാർ മുൻകൂർ അനുമതി നൽകിയിട്ടുണ്ട്.തിരുവല്ല താലൂക്ക് ആശുപത്രിയിൽ അനുവദിച്ച 68 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലികളും നടന്നു വരുന്നതായി മാത്യു ടി. തോമസ് അറിയിച്ചു.