ചെങ്ങന്നൂർ: മുണ്ടൻകാവ് സ്വദേശിയായ 27 കാരനെ കൊവിഡ് പരിശോധനാ ഫലം എത്തും മുമ്പ് ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിൽ പറഞ്ഞയച്ചത് വിവാദമായി.
മാർച്ച് 9ന് വിദേശ ജോലിക്കുള്ള അഭിമുഖത്തിനാണ് യുവാവ് മഹാരാഷ്ട്രയിലേക്ക് പോയത്. ലോക് ഡൗൺപ്രഖ്യാപിച്ചതോടെ ഇയാൾ മുംബൈയിൽ താമസിച്ചു. മേയ് 24നാണ് മടങ്ങിയെത്തിയത് .അതിനു ശേഷം ചെങ്ങന്നൂർ നഗരസഭയുടെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 14 ദിവസത്തെ ക്വാറന്റൈനു ശേഷം ശനിയാഴ്ച ആരോഗ്യ വകുപ്പ് അധികൃതർ ഇയാളുടെ സ്രവം പരിശോധനയ്ക്ക യച്ചു തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ആരോഗ്യ വകുപ്പിന്റെ അനുമതിയോടു കൂടി
വീട്ടിലെത്തി.
ഇന്നലെ ഉച്ചയ്ക്ക് 12നാണ് ഫലം ലഭിച്ചത്. തുടർന്ന് ഇയാളെ ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് സെന്ററിലേയ്ക്ക് മാറ്റി.
യുവാവിന്റെ അച്ഛൻ, അമ്മ, മുത്തശ്ശി, ഇളയ അനുജൻ എന്നിവരും വീട്ടിലുണ്ടായിരുന്നു. അവരുമായെല്ലാം കഴിഞ്ഞ ദിവസം യുവാവ് ഇടപഴകുകയും ചെയ്തു.
അതേ സമയം വീട്ടിലെത്തിയാലും 24 ദിവസം
ക്വാറന്റൈനിൽ ഇരിക്കണമെന്ന നിർദ്ദേശം നൽകിയാണ് യുവാവിനെ വീട്ടിലേക്ക് അയച്ചതെന്ന്
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന നൂറിലധികം പേരുടെ സ്രവം പരിശോധനയ്ക്ക് എടുക്കേണ്ടി വന്നതിനാലാണ് യുവാവിന്റെ സ്രവം പരിശോധിക്കാൻ താമസിച്ചതെന്ന് അധികൃതർ പറഞ്ഞു.