ചെങ്ങറ: അട്ടച്ചാക്കൽ കുമ്പളാം പൊയ്ക റോഡിലെ ചെങ്ങറ ജി.സി.എസ്.എൽ.പി.സ്‌കൂൾ ജംഗ്ഷനിലെ വളവിൽ അപകടങ്ങൾ തുടർക്കഥയാവുന്നു.ചെങ്ങറയിൽ നിന്ന് ഇറക്കം ഇറങ്ങി അട്ടച്ചാക്കൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും, അട്ടച്ചാക്കലിൽ നിന്ന് ചെങ്ങറ ഭാഗത്തേക്ക് കയറ്റം കയറി വരുന്ന വാഹനങ്ങളും ഇവിടെ അപകടത്തിൽ പെടുന്നത് പതിവാണ്.അട്ടച്ചാക്കൽ മുതൽ കുമ്പളാംപൊയ്ക വരെയുള്ള 13 കിലോമീറ്റർ റോഡ് അടുത്തിടെ കിഫ് ബിയിലുൾപ്പെടുത്തി ബി.എം ആൻഡ് ബി.സി.നിലവാരത്തിൽ വികസിപ്പിച്ചിട്ടും അപകട വളവ് നേരെയാക്കിയില്ലെന്ന് നാട്ടുകാർ പരാതിപെടുന്നു.വളവിന് സമീപം ദിശാബോർഡുകളോ ഹബുകളോ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ പരിചയമില്ലാത്തവർ വാഹനങ്ങളിൽ വേഗത്തിൽ വളവിന് സമീപത്തെത്തുമ്പോഴാണ് ഹെയർപിൻ വളവാണെന്നറിയുന്നത്. സമീപത്തെ ഹരിസൺ മലയാളം പ്ലാന്റെഷനിലെയും, പാറമടകളിലെയും വലിയ ലോറികൾ ഇവിടെ വന്ന് തിരിക്കാനാവാതെ വരുന്നതും, അപകടത്തിൽ പെടുന്നതും പതിവാണ്.സമീപത്തെ ജി.സി.എസ്.എൽ.പി.സ്‌കൂളിലെ കുട്ടികളും ഇതുമൂലം ഭീതിയിലാണ്. ഇവിടെ ദിശാബോർഡുകളും ഹബുകളും സ്ഥാപിച്ച് വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ ഒഴിവാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.
-വളവിൽ അപകടസൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല
- സ്കൂൾ വിദ്യാർത്ഥികളും ഭീതിയിൽ