പത്തനംതിട്ട: മഴ കൂടുതൽ ശക്തമായില്ലെങ്കിൽ പമ്പാ ത്രിവേണിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലെടുപ്പ് പ്രവർത്തനങ്ങൾ 25 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. പമ്പയിൽ സന്ദർശനം നടത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
ഇതുവരെ എണ്ണായിരത്തിലധികം മീറ്റർ ക്യൂബ് മണൽ, മാലിന്യങ്ങൾ നീക്കം ചെയ്തു കഴിഞ്ഞു. 2018ലെ പ്രളയത്തിനു ശേഷം പമ്പ ത്രിവേണി മുതൽ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് വെള്ളപ്പൊക്കം സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയിരുന്നു. 32 ടിപ്പറുകൾ, 17 ഹിറ്റാച്ചി, ജെ.സി.ബി ഉൾപ്പടെ 50 വാഹനങ്ങളാണ് മണൽ, മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നത്. രണ്ടായിരത്തിലധികം ടിപ്പർ ലോഡ് മണലുകൾ നിലവിൽ നീക്കം ചെയ്തു. എസ്.ഡി.ആർ.എഫ് ഫണ്ടുപയോഗിച്ചാണ് മണൽ മാറ്റുന്നത്. എടുക്കുന്ന മണൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വനം വകുപ്പിന്റെ സ്ഥലത്തുതന്നെയാണ് ഇടുന്നത്. കൂടുതൽ മണൽ, മാലിന്യങ്ങൾ ഇടുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തിയതായും ജില്ലാ കളക്ടർ പറഞ്ഞു. തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയൽ, അടൂർ ആർ.ഡി.ഒ ജെസിക്കുട്ടി മാത്യു, റാന്നി തഹസിൽദാർ പി.ജോൺ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.