പത്തനംതിട്ട :ഒരുമാസത്തോളം നാട്ടുകാരെ ഭയപ്പെടുത്തിയ കടുവ ചത്തത് ശ്വാസകോശത്തിൽ വെള്ളംകയറിയത് മൂലമാകാമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുള്ളൻപന്നിയുടെ മുള്ളുകൊണ്ട് വായിലും വലതുകയ്യുടെ അടിയിലും മുറിവുണ്ടായിരുന്നു.തോട്ടിൽ വീണപ്പോൾ മുറിവിലൂടെ ശ്വാസകോശത്തിൽ വെള്ളം കയറിയതാവാം മരണകാരണമെന്ന് വെറ്ററിനറി സർജൻ ഡോ. കിഷോർ പറഞ്ഞു. മുറിവ് പഴുത്തിരുന്നു. ന്യൂമോണിയയും ബാധിച്ചിരുന്നു. കൂടുതൽ പരിശോധനകൾക്കായി ഡെറാഡൂണിലെ ലാബിലേക്ക് സാമ്പിൾ അയയ്ക്കും.. ഭക്ഷണം കഴിച്ചിട്ട് മുപ്പത്തഞ്ച് ദിവസത്തോളമായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ മണിയാറിന് സമീപം അരീക്കക്കാവ് ഇഞ്ചപ്പൊയ്ക ഭാഗത്തെ പുരയിടത്തിലാണ് കടുവയെ അവശനിലയിൽ കണ്ടത്. അരമണിക്കൂറിനുള്ളിൽ ചത്തു.
വനംവകുപ്പിലെയും മൃഗസംരക്ഷണവകുപ്പിലെയും മൂന്ന് വെറ്ററിനറി ഡോക്ടർമാരുടെ
നേതൃത്വത്തിലായിരുന്നു ഇന്നലെ പോസ്റ്റ്മോർട്ടം നടത്തിയത്. എ.സി.എഫ് ഹരികൃഷ്ണൻ, റാന്നി ഡി.എഫ്.ഒ എം. ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. ജഡം മറവ് ചെയ്തു.
------------- പേടിച്ചു വിറച്ച മേയ് മാസം 7- തണ്ണിത്തോട് മൺപിലാവ് ഭാഗത്ത് പ്ലാന്റേഷൻ കോർപ്പറേഷന്റെ റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിയ ബിനീഷ് മാത്യു (27)വിനെ ആക്രമിച്ച് കൊന്നായിരുന്നു കടുവയുടെ വിളയാട്ടം. 8- മേടപ്പാറ ഈട്ടിമുട്ടിൽ റെജിമോന്റെ വീട്ടുമുറ്റത്ത്കണ്ടു. 9- കടുവയെ കുടുക്കാൻ വയനാട്ടിൽ നിന്ന് 13 അംഗ ദൗത്യ സംഘവും കുഞ്ചു എന്ന കുങ്കിയാനയുമെത്തി. 10- മണിയാറിൽ പശുക്കിടാവിനെ ആക്രമിച്ച കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചെങ്കിലും കടുവ തിരിച്ചെത്തിയില്ല. പിന്നീട് വടശേരിക്കര, പേഴുംപാറ തുടങ്ങി പലപ്രദേശത്തും കടുവയെ കണ്ടു. 12 - വടശേരിക്കര ചമ്പോൺ മേഖലയിലെ റബർ തോട്ടത്തിൽ കടുവ കിടക്കുന്നത് ടാപ്പിംഗ് തൊഴിലാളി മോഹനൻ കണ്ടു. കടുവയുടെ സാന്നിദ്ധ്യമുള്ള മേഖലകളിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 13- വടശേരിക്കര പേഴുംപാറ ഉമ്മാ മുക്കിന് സമീപം രമാഭായി കോളനിയിൽ കടുവയെ കണ്ടു 14- കടുവയെ പിടികൂടാൻ വനംവകുപ്പ് സംഘത്തോടൊപ്പം മൂന്ന് ഷാർപ്പ് ഷൂട്ടർമാരെ നിയോഗിച്ചു. 19- വയനാട്ടിൽ നിന്നെത്തിയ കുങ്കിയാനയും വനം വകുപ്പ് അധികൃതരും തിരിച്ചു പോയി . ഇതിനിടയിൽ കുങ്കിയാനയുടെ മുകളിൽ നിന്ന് വീണ് പാപ്പാന് പരിക്ക് പറ്റിയിരുന്നു. 9- കടുവയെ അവശനിലയിൽ മണിയാറിലെ തോട്ടിൽ കണ്ടെത്തി.