തിരുവല്ല: നിയോജകമണ്ഡലത്തിലെ വിവിധ പാലങ്ങളുടെ നിർമ്മാണ പുരോഗതി മാത്യു ടി.തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിലയിരുത്തി.ചീഫ് എൻജിനിയർ എസ്.മനോമോഹൻ,സൂപ്രണ്ടിംഗ് എൻജിനിയർ മഞ്ജുഷ പി.ആർ,എക്‌സിക്യൂട്ടീവ് എൻജിനിയർ ഡോ.എ.സിനി,പാലം ഡിസൈൻ യൂണിറ്റ് ജോ.ഡയറക്ടർ എസ്.സാജു,അസി.എക്‌സി.എൻജിനിയർ ബിജിതോമസ്,അസി.എൻജിനിയർ രൂപ ജോൺ എന്നിവർ പങ്കെടുത്തു.പനച്ചിമൂട്ടിൽ കടവ്,ഓട്ടാഫീസ് കടവ് പാലങ്ങളുടെ ഉദ്ഘാടനം ഒക്‌ടോബറിന് മുമ്പ് നടത്തുംവിധം പണികൾ പൂർത്തിയാക്കുവാൻ നിർദ്ദേശിച്ചു.പനച്ചിമൂട്ടിൽ കടവു പാലത്തിന്റെ സമീപന റോഡിന്റെ ടാറിംഗ് രണ്ട് ദിവസത്തിനകം പൂർത്തിയാക്കണമെന്നും തീരുമാനിച്ചു.ഓട്ടാഫീസ് കടവു പാലത്തിന്റെ സമീപനപാതയ്ക്ക് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 26ലക്ഷം രൂപയുടെ പണികൾ ഉടൻ പൂർത്തിയാക്കുവാൻ നിർദ്ദേശിച്ചു.മല്ലപ്പള്ളി- ആനിക്കാട് കാവനാൽക്കടവു പാലത്തിന്റെ ഉദ്ഘാടനം മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ക്രമീകരിക്കാൻ തീരുമാനിച്ചു.


ഉപദേശിക്കടവ് പാലം


സർക്കാരിൽ നിന്നും 23.73കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച ഉപദേശിക്കടവ് പാലത്തിന്റെ വിശദമായ സാങ്കേതിക റിപ്പോർട്ട് കഴിഞ്ഞദിവസം ലഭ്യമായിട്ടുണ്ടെന്നും പരിശോധിച്ച് ഉടൻ സാങ്കേതിക അനുമതി നൽകുന്നതാണെന്നും ചീഫ് എൻജിനിയർ അറിയിച്ചു.


ഗണപതിപുരം പാലം


പെരിങ്ങര പഞ്ചായത്തിലെ ഗണപതിപുരം പാലത്തിന് രണ്ടുകോടി അനുവദിച്ചിട്ടുണ്ട്.മണ്ണു പരിശോധന പൂർത്തിയാക്കി ഡിസൈനു വേണ്ടി സമർപ്പിച്ചിട്ടുള്ളതായി യോഗത്തിൽ അറിയിച്ചു.


പാറക്കടവ് പാലം-നിർമ്മാണം ഉടൻ


പാറക്കടവ് പാലത്തിന്റെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി ടെണ്ടർ വിളിച്ചെങ്കിലും ആദ്യ ടെണ്ടറിൽ ആരും പങ്കെടുത്തില്ലാത്തതിനാൽ വീണ്ടും ടെണ്ടർ വിളിച്ചതായും സമർപ്പിക്കപ്പെട്ട ടെണ്ടറുകളുടെ പ്രീക്വാളിഫിക്കേഷൻ പരിശോധന പൂർത്തിയാക്കി ഉടൻ ടെണ്ടർ തുറക്കാമെന്നും ചീഫ് എൻജിനിയർ അറിയിച്ചു.സമീപപാതയ്ക്കുള്ള സ്ഥലം മുൻകൂറായി വിട്ടുനൽകുവാൻ തയാറാകാത്തതാണ് പ്രശ്‌നമെന്ന് യോഗം വിലയിരുത്തി.ഈസ്ഥലം നിയമ നടപടികളിലൂടെ ഏറ്റെടുക്കുവാനും മറുകരയിൽ നിന്നും പണികൾ ആരംഭിക്കുവാൻ തടസമില്ലെന്നും എം.എൽ.എ അറിയിച്ചു.


വലിയമ്പലം തെക്കേനട പാലം


2020- 21 ബഡ്ജറ്റിൽ 20% തുക വകകൊള്ളിച്ചിട്ടുള്ള വലിയമ്പലം തെക്കേനട പാലത്തിന് ഭരണാനുമതിയ്ക്കായി സമർപ്പിച്ചുട്ടുള്ളതായി അസി.എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.


അട്ടക്കുളം പാലം


അട്ടക്കുളം പാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും തയാറായിട്ടുള്ളതായും ഭരണാനുമതിയ്ക്കായുള്ള തുടർനടപടികൾക്ക് ഡിവിഷണൽ ഓഫീസിൽ സമർപ്പിച്ചിട്ടുള്ളതായും അസി.എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.20% അധികം തുക ബഡ്ജറ്റിൽ ഉൾക്കൊണ്ടിട്ടുള്ളതിനാൽ പണികൾ ഭരണാനുമതി ലഭ്യമാക്കി തുടരാനാവുമെന്ന് ചീഫ് എൻജിനിയർ അറിയിച്ചു.


കോതേക്കാട്ട് പാലം
ബഡ്ജറ്റ് തുക 20% ഉള്ളതിനാൽ ഉടൻ തന്നെ പര്യവേഷണം ആരംഭിക്കാനുള്ള ഭരണാനുമതിയ്ക്കായി സമർപ്പിച്ചിട്ടുള്ളതായി അറിയിച്ചു.