പത്തനംതിട്ട : ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്കായി പത്തനംതിട്ട കനൽ ബാൻഡ് നാടൻപാട്ട് സംഘവും ഫയർ ഫോഴ്സ് ഡിഫൻസ് അംഗങ്ങളും ചേർന്ന് സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ടെലിവിഷൻ ജില്ലാ കളക്ടർ പി.ബി നൂഹിന് പത്തനംതിട്ട ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ വി.വിനോദ്കുമാർ കൈമാറി. ലോക്ഡൗൺ സമയത്ത് നവമാദ്ധ്യമങ്ങളിൽ ലൈവ് നാടൻപാട്ട് നടത്തുക എന്ന ആശയം കനൽ ബാൻഡ് നാടൻപാട്ട് സംഘം മുന്നിൽ വച്ചത് ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ് അംഗങ്ങളാണ്.ലൈവ് പ്രകടനത്തിലൂടെ ലഭിച്ച ചെറിയ തുകകൾ സമാഹരിച്ചാണ് ടെലിവിഷൻ വാങ്ങിയത്. ഇനിയും ഇത്തരത്തിൽ പരിപാടികൾ നടത്തി കൂടുതൽ സേവനം നടത്താൻ ലക്ഷ്യമിടുന്നതായി കനൽ ബാൻഡ് നാടൻപാട്ട് സംഘം കലാകാരൻമാർ പറഞ്ഞു. ടെലിവിഷൻ കൈമാറുന്ന ചടങ്ങിൽ ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ് അംഗം ജോജി ചേന്തിയത്ത്,കനൽ ബാൻഡ് നാടൻപാട്ട് സംഘം അംഗങ്ങളായ ആദർശ് ചിറ്റാർ,നവനീത്,രജനീഷ് എന്നിവർ പങ്കെടുത്തു.