പള്ളിക്കൽ: തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റെയിൽപാത ( സിൽവർലൈൻ ) പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്ന ഭാഗത്തുള്ളവർ ആഹ്ളാദത്തിലും ആശങ്കയിലുമാണ്.
ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്ന പാത വികസനത്തിന് വഴിയൊരുക്കുമെങ്കിലും ജനവാസമേഖലയെ എങ്ങനെ ബാധിക്കുമെന്നതാണ് ആശങ്കയ്ക്ക് കാരണം. ആളുകളെ ധാരാളമായി ഒഴിപ്പിക്കേണ്ടി വരുമോ എന്ന ഭീതി നാട്ടുകാർക്കുണ്ട്. അലൈൻമെന്റിൽ മാറ്റം വരുത്തില്ലന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. തെങ്ങമം, ഇളങ്ങള്ളൂർ, പാപ്പാടിക്കുന്ന് പട്ടികജാതി കോളനി , പാക്കുതറ, പള്ളിക്കൽ ഭാഗങ്ങളിൽ ഒഴിപ്പിക്കലുണ്ടാകും. പാപ്പാടികുന്നിന് പടിഞ്ഞാറ് ഭാഗത്ത് വയലിലൂടെയായതിനാൽ ഇവിടെ കൂടുതൽ ആളുകളെ ഒഴിപ്പിക്കേണ്ടിവരില്ല.
കൊല്ലം ജില്ലയിലെ കരുനാഗപള്ളിവരെയുള്ളവർക്കും തെങ്ങമത്ത് സ്റ്റോപ്പനുവദിക്കുന്നതിന്റെ പ്രയോജനം ലഭിക്കും. പത്തനം തിട്ട ജില്ലയ്ക്ക് അവകാശപ്പെട്ട ഫീഡർ സ്റ്റേഷൻ തെങ്ങമത്ത് സ്ഥാപിക്കണമെന്നതാണ് മറ്റൊരാവശ്യം. വലിയസ്റ്റേഷനിലേക്ക് ആളുകളെ എത്തിക്കുന്ന സ്റ്റേഷനുകളാണ് ഫീഡർ സ്റ്റേഷൻ.
ജില്ലയിൽ പാത പിന്നീട് കടന്നുപോകുന്നത് കുളനടയ്ക്ക് പടിഞ്ഞാറുകൂടിയാണ് .ഇത് ചെങ്ങന്നൂരിനടുത്തായതിനാൽ ഫീഡർസ്റ്റേഷന് തെങ്ങമത്തിന്റെ സാദ്ധ്യത ഏറെയാണ്
--------------
പാത ജില്ലയിൽ
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്തിന്റെയും കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിന്റെയും അതിർത്തിയിലൂടെ തെങ്ങമം ഇളങ്ങള്ളൂർ ക്ഷേത്രത്തിന് കിഴക്കുവശത്തായി തെങ്ങമത്താണ് പാത ജില്ലയിൽ പ്രവേശിക്കുന്നത്.
തുടർന്ന് തെങ്ങമം യു.പി.എസിന് കിഴക്കുവശത്തുകൂടി പാപ്പാടിക്കുന്ന് പട്ടികജാതി കോളനി, പാക്കുതറ, പള്ളിക്കൽ ക്ഷേത്രത്തിന് കിഴക്കുവശത്തുകൂടി നൂറനാടിന് പടിഞ്ഞാറെത്തി ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും.
------------
ആഹ്ളാദം
@ സാധാരണ റെയിൽ സൗകര്യം പോലുമില്ലാത്ത ജില്ലയിലെ ഭൂരിപക്ഷം മേഖലകൾക്ക് സഹായകരം.
@ അഞ്ച് മിനിട്ടിൽ ഒരു ട്രെയിൻ സർവീസുള്ള പാത യാത്രാ സൗകര്യം മെച്ചപ്പെടുത്തും.
@ പ്രാദേശിക വികസനത്തിനും വഴിയൊരുങ്ങും.
ആശങ്ക
@ 15 മുതൽ 25 മീറ്റർ വരെ വീതിയിൽ സ്ഥലമേറ്റെടുക്കേണ്ടി വരുന്നതിനാൽ ആളുകളെ ഒഴിപ്പിക്കേണ്ടി വരും.
-----------
പാത കടന്നുപോകുന്ന
11 ജില്ലകളിലൊന്ന് പത്തനംതിട്ട
-----------
റെയിൽഗതാഗതമില്ലാത്ത അടൂരിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ച് ഹൈസ്പീഡ് റെയിൽപാതക്ക് തെങ്ങമത്ത് സ്റ്റോപ്പനുവദിക്കണം
രതീഷ് സദാനന്ദൻ, സി ആർ ദിൻരാജ്
ആക്ഷൻകൗൺസിൽ ഭാരവാഹികൾ