അടൂർ : ഒടുവിൽ അധികൃതർ ഉറക്കംവിട്ടുണർന്നു, നിമിഷനേരം കൊണ്ട് കാടുമൂടി കിടന്ന സ്ഥലം വെടിപ്പാക്കിയതോടെ പ്രാണഭയമില്ലാതെ ഹോളിക്രോസ് ജംഗ്ഷനിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഇനി ധൈര്യമായി കടന്നിരിക്കാം.വിശ്രമകേന്ദ്രം കാടുമൂടി കിടക്കുന്ന വാർത്ത ചിത്രം സഹിതം ഇന്നലെ കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് പൊതുമരാമത്ത് അധികൃതരാണ് നടപടി സ്വീകരിച്ചത്.ജെ.സി.ബിയുടെ സഹായത്തോടെ കാടുകൾ നീക്കംചെയ്ത് പരിസരം വൃത്തിയാക്കി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി.മൂന്ന് മാസത്തോളം ഉപയോഗശൂന്യമായി കിടന്നതിനെ തുടർന്നാണ് ഇതിന് ചുറ്റും കാട്മൂടിയത്. മഴക്കാലമായതിനാൽ യാത്രക്കാർ പ്രാണഭയത്തോടെയാണ് ഇവിടെ കയറി നിന്നിരുന്നത്.ഇക്കാര്യത്തിൽ നഗരസഭാ ഭരണാധികാരികൾ തികഞ്ഞ അനാസ്ഥകാട്ടി എന്ന ആരോപണം നാട്ടുകാർക്കിടയിൽ ഉയർന്നു. ഒടുവിൽ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ പൊതുമരാമത്ത് റോഡ്സ് വിഭാഗം അധികൃതർ തന്നെയാണ് ഇതിനായി മുൻകൈ എടുത്തത്.