തിരുവല്ല: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ കറുത്താലിൽ തോട്ടിൽ പുതിയ ഷട്ടർ സ്ഥാപിക്കാൻ അനുമതിയായി.കുറ്റൂർ പഞ്ചായത്തിലെ മണിമലയാറ്റിൽ നിന്നും മധുരംപുഴ ചാലിലേക്കുള്ള കൈവഴിയിൽ കറുത്താലിൽപ്പടി ഭാഗത്ത് പുതിയ ഷട്ടർ സ്ഥാപിക്കാൻ 17.50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നാണ് ഇപ്പോൾ തുക അനുവദിച്ചത്.കറുത്താലിൽ തോടിന് കുറുകെയുള്ള ഷട്ടർ കഴിഞ്ഞ നാലുവർഷമായി പൊളിഞ്ഞു കിടക്കുകയായിരുന്നു. ഇതുകാരണം കാലവർഷത്തിൽ കുറ്റൂർ ജംഗ്‌ഷനിലും വ്യാപാര സ്ഥാപനങ്ങളിലും ഇരുന്നൂറോളം വീടുകളിലും വെള്ളക്കെട്ട് പതിവായിരുന്നു. ഇതിനിടെ കുറ്റൂർ -മനയ്ക്കച്ചിറ റോഡ് വീതികൂട്ടി വികസിപ്പിക്കേണ്ടി വന്നതോടെ ഇവിടുത്തെ പാലവും ഷട്ടറും എല്ലാം പൊളിച്ചു നീക്കിയിരുന്നു.കാലവർഷം തുടങ്ങിയെങ്കിലും ഷട്ടർ സ്ഥാപിക്കാൻ നടപടി ഉണ്ടായില്ല.ഇതുകാരണം പ്രദേശവാസികൾ ഭീതിയിലായിരുന്നു. അടിയന്തരമായി ഷട്ടർ പുന:സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളും ഉയർന്നതോടെയാണ് പുതിയ ഷട്ടർ സ്ഥാപിക്കാൻ നടപടിയായത്.മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയറുടെ മേൽനോട്ടത്തിൽ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗമാണ് പുതിയ ഷട്ടർ സ്ഥാപിക്കുന്നത്.പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചതിനാൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.