തണ്ണിത്തോട്:കരിമ്പൻകാടകൊക്ക് മുതൽ വലിയപുളളിപ്പരുന്ത് വരെ ജില്ലയിലെത്തുന്ന വിരുന്നുകാരാണ്. പക്ഷികളുടെ കണക്കെടുപ്പിലാണ് ദേശാടനപ്പക്ഷികൾ ഉൾപ്പെടെയുള്ളവയുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ജില്ലയെന്ന് കണ്ടെത്തിയത്.സംസ്ഥാന നിർത്തടഅതോറിറ്റി, ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യ, ബേഡേഴ്‌സ് എന്നീ ഏജൻസികളാണ് കണക്കെടുപ്പ് നടത്തിയത്. പക്ഷി നിരീക്ഷകർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, ഫോട്ടോഗ്രാഫർമാർ വിദ്യാർത്ഥികൾ എന്നിവർ സംഘത്തിലുണ്ട്. എല്ലാ വർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കണക്കെടുപ്പ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവവണ പക്ഷികളുടെ വൈവിദ്ധ്യത്തിൽ കുറവുണ്ട്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ജില്ലാകളക്ടറും, പത്തനംതിട്ട ബേഡേഴ്‌സിലെ പക്ഷി നിരീക്ഷകരും ചേർന്നും സർവേ ആരംഭിച്ചിരുന്നു. നീർത്തടങ്ങളുടെ ശോഷണവും ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവുമാവാം പക്ഷി വൈവിദ്ധ്യത്തിൽ കുറവുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. പക്ഷികളുടെ വിവരങ്ങൾ ഏഷ്യൻ നീർപ്പക്ഷി സെൻസസ് കോ ഓർഡിനേറ്റർ ഡോ: പി.ഒ. നമീർ മുഖേന വെറ്റ്‌ലാന്റ് ഇന്റർനാഷണലിനു അയയ്ക്കും. 23 തരം ദേശാടന പക്ഷികളുൾപ്പെടെ 55 ഇനം പക്ഷികളെയാണ് കണ്ടത്. 4796 പക്ഷികളെ എണ്ണിത്തിട്ടപ്പെടുത്തിയതായിസെൻസസ് കോ ഓർഡിനേറ്റർ ഹരി മാവേലിക്കര പറഞ്ഞു.
--------------
പക്ഷികളുടെ വൈവിദ്ധ്യം
കരിമ്പൻകാടകൊക്ക്, മണലൂതി, ചാരമുണ്ടി, വർണ്ണക്കൊക്ക്, പള്ളിച്ചുണ്ടൻ കൊതുമ്പനം, എന്നീ ലഘുദൂര ദേശാടന പക്ഷികളേയും, കരി ആള, വരിഎരണ്ട, പൊൻമണൽ കോഴി, പുള്ളാക്കാടൻ കൊക്ക്, കരിബിൻകാടകൊക്ക്, പച്ചക്കാലി, ചതുപ്പൻ, മണലൂതി, ടെമ്മിങ്കി മണലൂതി, ആറ്റുമണൽ കോഴി, കരണ്ടികൊക്കൻ, തുടങ്ങിയ ദീർഘദൂരദേശാടന പക്ഷികളെയും കണ്ടെത്തി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്ന വലിയപുളളിപരുന്ത്, കരിത്തപ്പി എന്നീ പരുന്ത് വർഗത്തിൽപ്പെട്ട ദേശാടന പക്ഷികളും എല്ലാ വർഷവും ജില്ലയിലെത്തും.. കൊറ്റി വർഗത്തിൽപ്പെട്ട ദേശാടന പക്ഷിയായ ചേരക്കൊക്ക് വർഷം തോറും തണ്ണിത്തോട് മുണ്ടോമൂഴിയിലും സമീപ പ്രദേശങ്ങളിലുമെത്തും ..നവംബർ, ഡിസംബർ മാസങ്ങളിലാണ് ദേശാടന പക്ഷികളുടെ വരവ്
-------------
ജില്ലയിൽ 23 തരം ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 55 ഇനം പക്ഷികളെന്ന് സർവേ