12-covid-waste-cgnr
ചെങ്ങന്നൂർ നഗരമധ്യത്തിലെ ക്വാറന്റൈൻ കഴിയുന്നവരുടെ ഭക്ഷണാവശിഷ്ടങ്ങളും, മറ്റ് വസ്തുക്കളും മാലിന്യങ്ങളും നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ തള്ളുവണ്ടിയിൽ സുരക്ഷാ സംവിധാനമില്ലാതെ കൊണ്ടു പോകുന്നു

ചെങ്ങന്നൂർ: നാടാകെ കൊവിഡ് നിരീക്ഷണകേന്ദ്രങ്ങൾ ആരംഭിച്ചെങ്കിലും മിക്ക കേന്ദ്രങ്ങളിലും മാലിന്യ സംസ്‌കരണത്തിനുള്ള സജ്ജീകരണങ്ങൾ ഇല്ലന്നുള്ളതാണ് വാസ്തവം.ആരോഗ്യ പ്രവർത്തകർക്കും ശുചീകരണ തൊഴിലാളികൾക്കും ഇത് കൂടുതൽ കീറാമുട്ടിയായി മാറിയിരിക്കുകയാണ്.നഗരത്തിലെ പ്രധാന ഹോട്ടലുകൾ തെരഞ്ഞെടുത്തത് ആരോഗ്യപ്രവർത്തകരുടെ വേണ്ടത്ര പരിശോധന ഇല്ലാതെയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.ക്വാറന്റൈൻ കഴിയുന്നവരുടെ ഭക്ഷണാവശിഷ്ടങ്ങളും,മറ്റ് വസ്തുക്കളും മാലിന്യങ്ങളും നാലും അഞ്ചും ദിവസം കൂടുമ്പോഴാണ് നീക്കം ചെയ്യാൻ തൊഴിലാളികൾ എത്തുന്നത്.ഈ തൊഴിലാളികൾക്ക് പി.പി.ഇ കിറ്റോ മറ്റു സുരക്ഷാസജ്ജീകരണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല.സാധാരണ മാസ്‌കും ഗ്ലൗസും മാത്രമാണ് തൊഴിലാളികൾക്ക് നൽകിയിരിക്കുന്നത്.കഴിഞ്ഞ ഒരു മാസമായി ഒരു ഗ്ലൗസും മാസ്‌കും ഉപയോഗിച്ച ശേഷം കഴുകിയാണ് ഇവർ വീണ്ടും ഉപയോഗിക്കുന്നതെന്നു പറയുന്നു.

നിരീക്ഷണ കേന്ദ്രങ്ങളിൽ നിരവധി പോസിറ്റീവ് കേസുകൾ

നിരീക്ഷണ കേന്ദ്രങ്ങളിലെ സ്രവ പരിശോധനയിൽ പോസിറ്റീവായ നിരവധി കേസുകൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് സെന്ററുകളിൽ ഉണ്ട്.ഇങ്ങനെയുള്ള കേന്ദ്രങ്ങളിൽ നിന്നാണ് യാതൊരു സുരക്ഷയുമില്ലാതെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്.ഇവർ ശേഖരിക്കുന്ന മാലിന്യം നഗരസഭയുടെ തള്ളുവണ്ടിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ അലക്ഷ്യമായി കൊണ്ടുപോകുന്നത് രോഗവ്യാപനത്തിന് കാരണമാകും. നഗരമദ്ധ്യത്തിലുള്ള ഹോട്ടലിൽ മറ്റ് നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നും കൂടിയുള്ള മാലിന്യങ്ങൾ എത്തിച്ച് ഡീസൽ ഒഴിച്ച് കത്തിക്കുന്നത് പരിസരവാസികൾക്ക് ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.നിരീക്ഷണത്തിൽ ചെങ്ങന്നൂരിലെ വിവിധ കേന്ദ്രങ്ങളിൽ കഴിയുന്നവർ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി,അവശിഷ്ടങ്ങളും അതേപടി തന്നെ കൊണ്ടുവന്ന് കത്തിക്കുന്നുണ്ട്.

ശാസ്ത്രീയമായ മാർഗങ്ങളില്ല

ക്വാറന്റൈൻ കഴിയുന്നവരുടെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ വിവിധ പഞ്ചായത്തുകളിലെയും മാലിന്യങ്ങളും മറ്റ് ജൈവ,അജൈവ മാലിന്യങ്ങളും സംസ്‌കരിക്കാനുള്ള ശാസ്ത്രീയ മായ മാർഗങ്ങളോ പ്ലാന്റുകളോ ഇല്ലാത്തത് ചെങ്ങന്നൂർ താലൂക്കിന് ഒരു ശാപമായി മാറിയിരിക്കുകയാണ്.കൃത്യമായ സംസ്‌കരണ സംവിധാനം ഏർപ്പെടുത്താത്തപക്ഷം കൂടുതൽ പ്രതിസന്ധിയും,രോഗവ്യാപനം അതിവിദൂരമല്ലന്നാണ് വിദഗ്ധരുടെ അഭിപ്രായം.ഇതിന്റെ തുടർച്ചയാണ് ചെറിയനാട് പഞ്ചായത്ത് വക സ്റ്റേഡിയത്തിന് സമീപം കൊവിഡ് കേന്ദ്രത്തിലെ മാലിന്യങ്ങൾ കുഴിച്ചിട്ട സംഭവം സൂചിപ്പിക്കുന്നത്.

ഏത് നിമിഷവും രോഗം പിടിപെട്ടേക്കാം എന്ന ഭയത്തോട് കൂടിയാണ് തങ്ങളുടെ ജോലി നിറവേറ്റുന്നത്.

(തൊഴിലാളികൾ)