മല്ലപ്പള്ളി- മല്ലപ്പള്ളി കൈപ്പറ്റ ആലുങ്കൽ സജിയുടെ മകൻ അലൻ മാത്യുവിനെ (15) മണിമലയാറ്റിൽ കാണാതായി. ഇന്നലെ ഉച്ചക്ക് 12.30ന് സഹപാഠികളായ ഏഴുപേർക്കൊപ്പം പരിയാരം ചെറ്റേട്ട് കടവിൽ കുളിക്കാനിറങ്ങിയതാണ്. മല്ലപ്പള്ളി മാർ ഡയനീഷ്യസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഇവർ ഓൺലൈൻ പഠത്തിനിടെയാണ് കടവിൽ എത്തിയത്. മണൽപരപ്പിലും ആറ്റിലും കളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെ അലൻ കയത്തിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് നാട്ടുകാരെയും ഫയർഫോഴ്സിനെയും അറിയിച്ചത്. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.