rv
റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്റെ താക്കോൽ എൻ.എം.ആർ ഫൗണ്ടേഷൻ ചെയർമാൻ എൻ.എം രാജു ജില്ലാ കളക്ടർ പി.ബി നൂഹിന് കൈമാറുന്നു.

പത്തനംതിട്ട: സംസ്ഥാനത്തെ ആദ്യ റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്റെ താക്കോൽ എൻ.എം.ആർ ഫൗണ്ടേഷൻ ചെയർമാൻ എൻ.എം രാജു ജില്ലാ കളക്ടർ പി.ബി നൂഹിന് കൈമാറി. ഇരവിപേരൂർ ഒ.ഇ.എം പബ്ലിക് സ്‌കൂളിൽ നടന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു.
രോഗികൾക്ക് അരികിലെത്തി കരസ്പർശമില്ലാതെ സ്രവം എടുത്ത് വേഗത്തിൽ പരിശോധനയ്ക്ക് തിരുവനന്തപുരത്തേക്ക് അയക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്നതാണ് കൊവിഡ് റാപ്പിഡ് ടെസ്റ്റ് വാഹനം. ഒരു ഡോക്ടറും രണ്ടു നഴ്‌സുമാരും ഡ്രൈവറും വാഹനത്തിലുണ്ടാകും. കേരളത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം ഏർപ്പെടുത്തിയത്. ജില്ലാ ഭരണകൂടത്തിന്റെയും എൻ.എം.ആർ ഫൗണ്ടേഷന്റേയും നേതൃത്വത്തിലാണ് നിർമ്മാണം.
തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തിൽ എൻജിനീയർമാരായ അനന്തു ഗോപൻ, എം.എസ് ജിനേഷ്, ഡോക്ടർമാരായ ജസ്റ്റിൻ രാജ്, നോബിൾ ഡേവിസ് എന്നിവരാണു വാഹനം രൂപകല്പന ചെയ്തത്. ഓരോ സ്ഥലങ്ങളിലും കൊവിഡ് കെയർ സെന്ററുകളിലും എത്തി സാമ്പിളുകൾ പരിശോധിക്കാനാകും. രോഗം ബാധിച്ച വ്യക്തികൾ സ്രവ പരിശോധനയ്ക്കായി പോകുമ്പോഴുണ്ടാകാവുന്ന രോഗവ്യാപനം ഒഴിവാക്കാനും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനും കുറഞ്ഞ സമയത്തിൽ അധികം സാമ്പിളുകൾ ശേഖരിക്കുന്നതിലൂടെ പരിശോധനയുടെ എണ്ണം കൂട്ടുവാനും സാധിക്കും.
പ്രത്യേകമായി പ്രവർത്തിക്കുന്ന ശുചിത്വ ക്യാബിനും, ഓട്ടോമാറ്റിക് അണുനാശിനി സംവിധാനവും ഉള്ളതിനാൽ സ്രവം ശേഖരിക്കുന്നവരിൽ നിന്ന് രോഗം പകരാനുള്ള സാദ്ധ്യത കുറവാണ്. ഒരു വ്യക്തി സ്രവം നൽകി പുറത്തിറങ്ങിയാൽ 15 മിനിട്ടിനുള്ളിൽ അണുനശീകരണം പൂർത്തിയാക്കും. എവിടെയും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്.
വാഹനം രൂപകല്പന ചെയ്തവരെ ജില്ലാ കളക്ടർ പി.ബി നൂഹ് പുരസ്‌കാരം നൽകി ആദരിച്ചു. മുൻ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ പി.ജെ.കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി,തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ ,​ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ.കെ.അനന്തഗോപൻ, മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, എൻ.എം.ആർ ഫൗണ്ടേഷൻ ചെയർമാൻ എൻ.എം.രാജു, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പ്രതാപചന്ദ്രവർമ്മ തുടങ്ങിയവർ പങ്കെടുത്തു.